Follow the FOURTH PILLAR LIVE channel on WhatsApp
ദുരന്തകാലത്തെ കടമെടുപ്പ്
2018-ലെയും 2019-ലെയും മഹാപ്രളയങ്ങൾ, നിപ്പ, പിന്നീട് ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ്-19 മഹാമാരി, വയനാട്ടിലെ ദുരന്തം —നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന ഇത്തരം ഭയാനകമായ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സംസ്ഥാനം കടന്നുപോയത്.
ഈ സാഹചര്യത്തിൽ ഒരു പുരോഗമന ഭരണകൂടത്തിൻ്റെ ആദ്യത്തെയും അവസാനത്തെയും പരിഗണന ജനങ്ങളുടെ ജീവൻ രക്ഷിക്കുക, അവരുടെ ജീവിത നിലവാരം താഴേക്ക് പോകാതെ കാത്തുസൂക്ഷിക്കുക എന്നത് മാത്രമാണ്. ദുരന്തകാലത്ത് വിപണി പൂർണ്ണമായി നിശ്ചലമായിരുന്നു. ഈ സമയത്ത് സാമ്പത്തിക അച്ചടക്കത്തിൻ്റെ പേര് പറഞ്ഞ് സർക്കാർ ചിലവുകൾ വെട്ടിച്ചുരുക്കിയിരുന്നെങ്കിൽ ലക്ഷക്കണക്കിന് മനുഷ്യർ പട്ടിണിയിലാകുമായിരുന്നു.
ഭക്ഷ്യക്കിറ്റുകൾ നൽകിയതും, സൗജന്യ ചികിത്സയും വാക്സിനും ഉറപ്പാക്കിയതും, ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകിയതും ‘റവന്യൂ ചെലവുകളുടെ’ ഗണത്തിലാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇടതുപക്ഷ കാഴ്ചപ്പാടിൽ ഇത് കേവലം പാഴ്‌ചെലവുകളല്ല, മറിച്ച് മനുഷ്യവിഭവ ശേഷിയിലുള്ള (Human Capital) ഏറ്റവും വലിയ നിക്ഷേപമാണ്. ഇതിനായി കടമെടുക്കേണ്ടി വന്നത് ഒരു ഭരണകൂടം ജനങ്ങളോട് കാണിച്ച ഏറ്റവും വലിയ നീതിയാണ്. ആ ഘട്ടങ്ങളിൽ സർക്കാർ ചെലവഴിച്ച പണത്തിൻ്റെ വലിയ പങ്കും പുതിയ ആസ്തി (മൂലധന നിക്ഷേപം) ഉണ്ടാക്കാനല്ല പോയത്. മനുഷ്യരുടെ അതിജീവനത്തിലേക്കാണ്!
പക്ഷേ, കണക്കെഴുത്തിൻ്റെ ഭാഷയിൽ ഇതെല്ലാം ‘റവന്യൂ ചെലവാണ്’. അത് റവന്യൂ കമ്മി കൂട്ടും, അത് മൂലധനച്ചെലവ് വരിയിൽ വരില്ല. ഇവിടെ ഒരു മനുഷ്യത്വപരമായ ചോദ്യമുണ്ട്: പ്രളയത്തിൽ വീട് ഒഴുകിപ്പോയവനോട്, മഹാമാരിയിൽ ജോലി പോയവനോട്, “നിന്നെ സഹായിച്ചാൽ എൻ്റെ മൂലധനച്ചെലവ് അനുപാതം മോശമാകും” എന്ന് ഒരു സർക്കാർ പറയുമോ? പറയില്ല.. പറയാനും പാടില്ല.
ഒരു ജനക്ഷേമ ഭരണകൂടത്തിൻ്റെ ആദ്യ കടമ മനുഷ്യൻ്റെ ജീവനും അന്തസ്സും താഴേക്ക് വീഴാതെ താങ്ങിനിർത്തലാണ്. അതിന് കടമെടുക്കേണ്ടി വന്നെങ്കിൽ അത് ധൂർത്തല്ല, ഒരു ധാർമിക തിരഞ്ഞെടുപ്പാണ്. ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി ബജറ്റ് ചെയ്യാനാവില്ല, ഒഴിവാക്കാനുമാവില്ല. അവ വരുമ്പോൾ ജനങ്ങളെ ഒറ്റയ്ക്ക് വിടാത്ത ഒരു സർക്കാരിനെ കടത്തിൻ്റെ കണക്ക് നോക്കി മാത്രം വിധിക്കുന്നത് അനീതിയാണ്.
എഴുതിയിരിക്കുന്നതിനെക്കാൾ പ്രാധാന്യം എഴുതാതെ വിട്ടതിന്
2026 ജൂൺ നാലിന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ വെച്ച സാമ്പത്തിക ധവളപത്രം ഒരു സംഖ്യയ്ക്ക് ചുറ്റുമാണ് കറങ്ങുന്നത്. 5.07 ലക്ഷം കോടി രൂപ. കേരളത്തിൻ്റെ പൊതുകടം ഇപ്പോൾ സംസ്ഥാന വരുമാനത്തിൻ്റെ 35.5 ശതമാനമാണ്, ദേശീയ ശരാശരിയായ 29 ശതമാനത്തിന് മുകളിൽ. ഈ കണക്ക് സത്യമാണ്. പക്ഷേ, ഒരു സംഖ്യ സത്യമാകുന്നതും ഒരു സംഖ്യ മുഴുവൻ കഥ പറയുന്നതും രണ്ടാണ്. ഇവിടെ കണക്ക് കള്ളം പറയുന്നില്ല. പക്ഷേ, അത് പകുതി മാത്രമാണ് പറയുന്നത്.
അതേ ധവളപത്രം ആധാരമാക്കിയ അതേ സാമ്പത്തിക സർവേയിൽ മറ്റൊരു സംഖ്യയുണ്ട്, പക്ഷേ അത് ഉറക്കെ പറയാൻ ഈ ധവളപത്രത്തിനു മടിയാണ്. ദുരന്തമുഖങ്ങൾ നേരിടേണ്ടി വന്നതുകൊണ്ട് 2020-21ൽ കടം-വരുമാന അനുപാതം 38.87 ശതമാനമായിരുന്നു. പക്ഷേ 2024-25 ആയപ്പോഴേക്കും അത് 34.87 ശതമാനത്തിലേക്ക് താഴ്ന്നു.
ചെലവ് വെട്ടിമുറിച്ചല്ല ഇത് നേടിയത്. ഒരു ഭരണകൂടത്തിൻ്റെ കീഴിൽ സമ്പദ്‌വ്യവസ്ഥ വളർന്നതുകൊണ്ടാണ്. പടിപടിയായി മാത്രമേ ഒരു സമ്പത് വ്യവസ്ഥക്ക് വളരാൻ കഴിയൂ. നമ്മുടെ സംസ്ഥാനം ആ പാതയിൽ തന്നെയാണ് നിന്നിരുന്നത്. ഈ കാര്യം ധവളപത്രത്തിൻ്റെ “നാം മുങ്ങിത്താഴുകയാണ്” എന്ന ആഖ്യാനത്തെ വല്ലാതെ കുലുക്കുന്നുണ്ടാകാം. അതുകൊണ്ടാവാം അത് വലിയ അക്ഷരത്തിൽ വന്നില്ല.
കിഫ്‌ബി: കണക്കുകൾക്ക് പിന്നിലെ യാഥാർഥ്യം
ധവള പത്രം കിഫ്‌ബിയെ കുറിച്ച് പറയുന്ന കണക്കുകൾ ശരിയാണ്. പക്ഷേ അതിൻ്റെ അർഥം വ്യാഖ്യാനിക്കുന്ന രീതി ഒട്ടും ശരിയല്ല.
കിഫ്‌ബി വഴി 1 ലക്ഷം കോടിയിലധികം പദ്ധതികൾ അംഗീകരിച്ചു. പൂർത്തിയായ പദ്ധതികൾ 25,000 കോടി, മൊത്തം വിതരണം ചെയ്തത് 41,610 കോടി. ആ പണം എവിടെപ്പോയി എന്ന് കാണാൻ കേരളത്തിലെ റോഡുകളിലൂടെ ഒന്ന് വണ്ടിയോടിച്ചാൽ മതി. പാലങ്ങൾ, ആശുപത്രി ബ്ലോക്കുകൾ, സ്കൂൾ കെട്ടിടങ്ങൾ, വൈദ്യുത പദ്ധതികൾ… ഇത് ഭാവനയല്ല, ഒരു നാടിൻ്റെ ഉറപ്പുള്ള ആസ്തിയാണ്.
അതായത് ഈ നിമിഷം കേരളത്തിൽ 41,610 കോടിയുടെ റോഡുകളും പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉണ്ട്. ഇതേ 41,610 കോടി സർക്കാർ ബജറ്റ് വഴി ചെലവഴിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? കേന്ദ്രം ഏർപ്പെടുത്തിയ കടമെടുപ്പ് പരിധി കടമ്പ കടക്കാൻ കഴിയാതെ ആ പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങുമായിരുന്നു. കിഫ്‌ബി ആ വഴിയടഞ്ഞ ഇടത്ത് ഒരു ബദൽ കണ്ടെത്തി.
അതെ, കടബാധ്യത ഉണ്ട്. അത് നിഷേധിക്കുന്നില്ല. പക്ഷേ അതോടൊപ്പം 41,610 കോടിയുടെ അടിസ്ഥാന സൗകര്യം ഇന്ന് കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചു നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ചരക്കുനീക്കം എളുപ്പമായി, ടൂറിസം വളർന്നു, ആരോഗ്യ സേവനം വിദൂര മേഖലകളിൽ എത്തി. കടമെടുത്ത് ആസ്തി ഉണ്ടാക്കുക എന്നത് ഏത് ആധുനിക സമ്പദ്‌വ്യവസ്ഥയും ചെയ്യുന്നതാണ്.
ഒരു കുടുംബം വീടുവെക്കാൻ ലോൺ എടുക്കുന്നത് തെറ്റല്ല. ആ ലോൺ കൊണ്ട് ജീവിക്കാൻ ഒരിടം ഉണ്ടാകുന്നുണ്ടെങ്കിൽ. കിഫ്‌ബിയുടേയും കഥ അതുതന്നെ. കടം ഉണ്ട്, ആ കടത്തിന് തിരിച്ചു കിട്ടുന്ന അടിസ്ഥാനസൗകര്യവും ഉണ്ട്. രണ്ടും ഒരുമിച്ചു പറയുന്നതാണ് സത്യസന്ധത. ഒന്ന് മാത്രം പറഞ്ഞ് ജനത്തെ പേടിപ്പിക്കുന്നത് രാഷ്ട്രീയമാണ്.
ഒരേ പ്രവൃത്തിയുടെ ഭാരം മാത്രമാണ് കണക്കിൽ വരുന്നത്. നേട്ടം പക്ഷേ വരുന്നില്ല. കിഫ്‌ബി വഴി ഉണ്ടാക്കിയ 41,610 കോടി രൂപയുടെ ആസ്തികൾ സർക്കാരിൻ്റെ ഔദ്യോഗിക മൂലധനച്ചെലവ് വരിയിൽ, അതായത് ജി.എസ്.ഡി.പിയുടെ വെറും 1.34 ശതമാനം എന്ന് ധവളപത്രം പരിതപിക്കുന്ന ആ വരിയിൽ, ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. കാരണം നിർഭാഗ്യവശാൽ അവയെല്ലാം ‘ഓഫ് -ബജറ്റ്’ പദ്ധതികളായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്.
ഫലത്തിൽ, നാട്ടിൽ വികസനം നടന്നു.. പക്ഷേ ‘കണക്കിൽ’ വികസനം ‘കാണാമറയത്ത്’ നിന്നു. അത് സംഭവിക്കാത്തതുകൊണ്ടല്ല, രേഖപ്പെടുത്തിയ രീതികൊണ്ടാണ്.
കുറയുന്ന കേന്ദ്രവിഹിതം
കേന്ദ്രത്തിൽനിന്നു നമ്മുടെ സംസ്ഥാനത്തിനു ലഭിച്ചിരുന്ന ആകെ റവന്യൂ വിഹിതം മുൻകാലങ്ങളിൽ വരുമാനത്തിൻ്റെ 3.88 ശതമാനമായിരുന്നത് പതിനാലാം കമ്മീഷനിൽ (2015-20) 2.50 ശതമാനം ആയി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ (2020-26) കാലത്ത് ഇത് വീണ്ടും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1.925 ശതമാനത്തിലേക്ക് എത്തി. നമുക്ക് ലഭിച്ചിരുന്ന റവന്യൂ കമ്മി ഗ്രാൻ്റ് ഉൾപ്പെടെ പല ഗ്രാൻ്റുകളും ഇല്ലാതാക്കി. വരുമാനത്തിൻ്റെ വാതിൽ ഒരുവശത്ത് അടച്ച ശേഷം കടമെടുപ്പിൻ്റെ വാതിലും ഇടുക്കിയാൽ എങ്ങനെയാണ് ഒരു സംസ്ഥാനം ശ്വാസം മുട്ടാതിരിക്കുന്നത്?
ഈ പശ്ചാത്തലം മുഴുവൻ മൂടിവെച്ച്, പ്രതിസന്ധിയുടെ മുഴുവൻ ഭാരവും മുൻ സർക്കാരിൻ്റെ ചുമലിൽ കെട്ടിവെക്കുകയാണ് ധവളപത്രം ചെയ്യുന്നത്. അതാണ് അതിൻ്റെ രാഷ്ട്രീയം.
5 ലക്ഷം വീടുകൾക്ക് ചെലവായ തുക
2017 മുതൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കാൻ കേരള സർക്കാർ 20,831 കോടി ചെലവഴിച്ചു. ഇതിൽ കേരളത്തിൻ്റെ സ്വന്തം വിഹിതം 18,342 കോടി, കേന്ദ്ര വിഹിതം 2,488 കോടി മാത്രം. ഇതെല്ലാം റവന്യു ചെലവ് ആയാണ് കണക്കാക്കുന്നത്. മൂലധന നിക്ഷേപം ആയിട്ടല്ല. ഒരൊറ്റ accounting convention ഉപയോഗിച്ച് ഒരു സർക്കാരിൻ്റെ വികസന പ്രതിബദ്ധതയുടെ ചിത്രമാണ് വളച്ചൊടിക്കാൻ ശ്രമിക്കുന്നത്.
5 ലക്ഷം കുടുംബങ്ങൾ ഇന്ന് സ്വന്തം വീടുകളിൽ ജീവിക്കുന്നു — അത് കണക്കിൽ ഏത് കോളത്തിൽ എഴുതിയാലും, ആ ജീവിതങ്ങൾ ഇന്ന് മാറി.
ശമ്പളം ഒരു പാഴ്‌ചെലവാണോ?
ധവളപത്രത്തിലെ ഏറ്റവും ആവർത്തിക്കപ്പെടുന്ന വാദം ഇതാണ് -വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളവും പെൻഷനും പലിശയും വിഴുങ്ങുന്നു.
ആ ശമ്പളം ആർക്കാണ് പോകുന്നത്? കേരളം ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാണ്. നമ്മുടെ സർക്കാർ ജീവനക്കാരിൽ വലിയൊരു പങ്ക് അധ്യാപകരും ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരുമാണ്. കോവിഡ് വന്നപ്പോൾ കേരളത്തെ ലോകത്തിന് മാതൃകയാക്കിയത് ഷെയർ വിലയോ ഫാക്ടറികളോ അല്ല. ഈ മനുഷ്യരാണ്. അവർക്ക് നൽകുന്ന ശമ്പളത്തെ ഒരു ബാധ്യതയായി മാത്രം കാണുന്നത് പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും സ്വകാര്യവൽക്കരിക്കണം എന്ന് വിശ്വസിക്കുന്നവരുടെ കണ്ണടയിലൂടെ മാത്രം നോക്കിക്കാണുമ്പോഴാണ്.
കേരളത്തിൻ്റെ വരുമാനത്തിൻ്റെ വലിയ പങ്ക് ശമ്പളവും പെൻഷനും ആയി ചെലവാക്കേണ്ടി വരുന്നത് ഒരൊറ്റ സർക്കാർ പത്തു വർഷം കൊണ്ട് ഉണ്ടാക്കിയ പ്രശ്നങ്ങളല്ല. ദശാബ്ദങ്ങളുടെ ഘടനയെ ഒരു ഭരണകൂടത്തിൻ്റെ ‘ധൂർത്ത്’ ആയി ചുരുക്കുന്നതാണ് ധവളപത്രത്തിൻ്റെ കൗശലം.
‘വരുമാനത്തിനൊത്ത് മാത്രം ചെലവഴിക്കുക’ എന്നത് നല്ലൊരു അച്ചടക്കമാണ്. പക്ഷേ ‘വരുമാനം വരുന്നതുവരെ ജനങ്ങൾ കാത്തിരിക്കട്ടെ’ എന്നത് ഒരു നയമല്ല. കടമെടുത്തായാലും വികസനവും ക്ഷേമവും നടത്തണം എന്ന കാഴ്ചപ്പാടും വരുമാന അടിത്തറ ബലപ്പെടുത്തണം എന്ന കാഴ്ചപ്പാടും വൈരുദ്ധ്യമല്ല — അവ ഒരുമിച്ച് കൊണ്ടുപോകേണ്ടവയാണ്. ആ സന്തുലനത്തെ ഒരു ഏകപക്ഷീയ രാഷ്ട്രീയ ആഖ്യാനമാക്കി ചുരുക്കിയതാണ് ഈ ധവളപത്രത്തിൻ്റെ ഏറ്റവും വലിയ പരാജയം.
സ്വകാര്യവൽക്കരണം: ആരുടെ പ്രതിസന്ധി, ആർക്കുള്ള പരിഹാരം?
ധവള പത്രം വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി അവർ മുന്നോട്ടുവയ്ക്കുന്നത് പൊതുമേഖലയുടെ സ്വകാര്യവൽക്കരണമാണ്. പുതിയ ആശയമൊന്നുമല്ല ഇത്. എൺപതുകൾ മുതൽ ലോകമെങ്ങും ഇതേ കുറിപ്പടി പലവട്ടം പരീക്ഷിച്ചതാണ്. ഫലം എന്തായിരുന്നു എന്ന് ചരിത്രം നമ്മോട് പറഞ്ഞുകഴിഞ്ഞു.
കെഎസ്ഇബിയുടെ കാര്യം മാത്രം എടുക്കുക. ഇടുക്കിയിലെ ഒരു കർഷകന് ഇന്ന് കിട്ടുന്ന വൈദ്യുതി നിരക്ക്, മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ഉപഭോക്താവ് നൽകുന്നതിൻ്റെ പകുതിയിൽ താഴെയാണ്. ഇത് യാദൃശ്ചികമല്ല. ലാഭം നോക്കി പ്രവർത്തിക്കുന്ന ഒരു കമ്പനി ആദിവാസി കോളനിയിൽ ലൈൻ വലിക്കില്ല, മലയോര ഊരുകളിൽ ട്രാൻസ്ഫോർമർ മാറ്റില്ല. അത് ഒരു ലാഭമുള്ള ബിസിനസ്സ് അല്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള ജോലി പൊതുമേഖല ചെയ്യുന്നത്.
കശുവണ്ടിയും കയറും കൈത്തറിയും: ഈ മേഖലകളിൽ ജോലി ചെയ്യുന്നവർ ഭൂരിഭാഗവും സ്ത്രീകളാണ്, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരാണ്. ഇവിടെ സ്വകാര്യ മൂലധനം കടന്നുവന്ന ചരിത്രം ഒന്നേ ഉള്ളൂ. കരാർ തൊഴിൽ, കൂലിക്കുറവ്, യൂണിയൻ ഇല്ലാതാകൽ. ഈ തൊഴിലാളികൾക്ക് ആരാണ് ഇതിൻ്റെ വില നൽകുക?
ഒരു കാര്യം കൂടി ഓർക്കണം. ഒരിക്കൽ വിറ്റുപോയ ആസ്തി തിരിച്ചുകിട്ടില്ല. ഇന്ന് ഖജനാവ് നിറയ്ക്കാൻ കെഎസ്ഇബി സ്വകാര്യവൽക്കരിച്ചാൽ, നാളെ ആ ലാഭം ഒരു കോർപ്പറേറ്റ് ബോർഡ്‌റൂമിലേക്ക് ഒഴുകും. ഊർജ്ജ മേഖലയിൽ ലോകം മൊത്തം പൊതുനിയന്ത്രണത്തിലേക്ക് തിരിച്ചുപോകുന്ന ഒരു കാലത്ത്, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗം ഊർജത്തിലേക്കുള്ള മാറ്റം എന്നിവയ്ക്ക് വലിയ പ്രാധാന്യമുള്ള ഈ കാലത്ത് നാം നേരെ തിരിച്ചുള്ള വഴിയിൽ നടക്കരുത്.
പ്രതിസന്ധി യഥാർത്ഥമാണ്. പക്ഷേ പ്രതിസന്ധിയുടെ ഭാഷ ഉപയോഗിച്ച് പൊതു ആസ്തികൾ സ്വകാര്യ കൈകളിലേക്ക് എത്തിക്കുന്ന രീതി പുതിയതല്ല. ഇത് ഒരു പഴയ കളിയാണ്, നമ്മൾ ആ കളിക്കളത്തിൽ ഇറങ്ങരുത്.
































