പൊട്ടിത്തെറിച്ച് സുകുമാരൻ നായർ: സതീശൻ്റെ വരവ് ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചന

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗ് നടത്തിയ സമ്മർദം ശരിയായില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചനയാണിതെന്നും അദ്ദേഹം വിലയിരുത്തി.

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തിയവരില്‍ ഘടകകക്ഷികളിൽ ഏറ്റവും നിർണായകമായി നിന്നത് മുസ്ലീം ലീ​ഗാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ലീ​ഗ് നടത്തിയ സമ്മർദം ശരിയായില്ല. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും ഇതേ സമ്മർദം തന്നെ ഉണ്ടാകുമല്ലോ. കോൺ​ഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി യോ​ഗത്തിലെ ഭൂരിപക്ഷത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ഇവിടെ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല’.

മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ 3 പേരും യോ​ഗ്യരാണ് എന്നാണ് സുകുമാരൻ നായർ മറുപടി നല്‍കിയത്. അതേസമയം, ഘടകകക്ഷികളുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘ഘടകകക്ഷികളുടെ അഭിപ്രായമാണ് നോക്കുന്നതെങ്കിൽ പിന്നെ എം.എൽ.എമാരുടെ ഭൂരിപക്ഷം അനുസരിച്ചാണ് തീരുമാനമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഘടകകക്ഷികൾ അവർ എവിടെന്നോ കൊണ്ടുവന്ന വോട്ടാണോ? ഈ വോട്ടെക്കെ തന്നെയല്ലേ ഇത്. അത് വാങ്ങിച്ചിരിക്കുമ്പോൾ കോൺ​ഗ്രസിനെ അതിൻ്റെ സ്വാതന്ത്ര്യത്തിന് അനുവദിക്കണമായിരുന്നു.

നല്ല നാളേക്കായി വി.ഡി.സതീശൻ നയിക്കുമെന്നത് സാദിക്കലി തങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ ആരുടെയും വിശ്വാസമല്ല. ലീ​ഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചനയാണിത്. മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ തരത്തിലും മുന്നിൽ നിൽക്കുന്ന ആളെ വേണമായിരുന്നു പരി​ഗണിക്കേണ്ടത്. സതീശൻ നയിക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് പറയുന്ന ജനങ്ങളുടെ എണ്ണം ആരാണെടുത്തത്. അങ്ങനെയാണെങ്കിൽ അതിൻ്റെ ഭൂരിപക്ഷം വേണ്ടേ? കോൺ​ഗ്രസിൻ്റെ കീഴ്വഴക്കങ്ങള്‍ തെറ്റിച്ചത് കൊണ്ടാണ് എൻ.എസ്.എസ്. ഈ കാര്യങ്ങൾ പറയുന്നത്. ഇടതുപക്ഷം അത് തെറ്റിക്കാതെ അവരുടെ രീതിയിൽ പോകുന്നു’.

സാമൂഹികനീതി നടപ്പാക്കുമെന്ന ചോദ്യത്തിന് സാധ്യത കുറവാണ് എന്നാണ് സുകുമാരൻ മറുപടി പറഞ്ഞത്. ‘ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊന്നും എൻ.എസ്.എസ്. പ്രതികരിച്ചിരുന്നില്ല. വർ​ഗീയത രൂക്ഷമായ ഭാവത്തിൽ വന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചത്. വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ’, സുകുമാരൻ നായർ പ്രതികരിച്ചു.

Recent Articles

Related Articles

Special