Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കടുത്ത അമർഷത്തിലായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. എം.എൽ.എ. സ്ഥാനം വരെ രാജിവെയ്ക്കാൻ ചെന്നിത്തല തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹത്തിൻ്റെ അനുയായികൾ പറഞ്ഞിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഹൈക്കമാൻഡ് ഈ സന്ദർശനത്തിലൂടെ നടത്തിയത്.
താൻ എല്ലാ നേതാക്കന്മാരുടെയും വീട്ടിൽ പോകുന്നുണ്ടെന്നും ഇന്നലെ ചെന്നിത്തല ഗുരുവായൂരിൽ പോയതിനാൽ കാണാൻ കഴിയാത്തതിനാലാണ് ഇന്ന് വന്നതെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദീപാ ദാസ് മുൻഷി മാധ്യമങ്ങളോടു പറഞ്ഞു. താൻ എല്ലാ നേതാക്കന്മാരോടും സംസാരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല, സർക്കാരിൻ്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന്, അദ്ദേഹം ഇവിടുണ്ട്. എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തന്നെ പറയുമെന്നായിരുന്നു ദീപാ ദാസ് മുൻഷിയുടെ മറുപടി. ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച അത്ര പ്രോത്സാഹജനകമായിരുന്നില്ല എന്ന സൂചനയാണ് ദീപാ ദാസ് മുൻഷി നല്കിയത്.
വ്യാഴാഴ്ച മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനായി പുറപ്പെട്ടിരുന്നു. അതിനാൽതന്നെ അദ്ദേഹത്തെ ദീപാ ദാസ് മുൻഷിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.





















