Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശൻ മെയ് 18ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് സൂചന.
നിയമസഭാ കക്ഷി യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ലോക്ഭനിലെത്തിയിരുന്നു. തനിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ആവശ്യമായ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും തെളിയിക്കുന്ന കത്തുകൾ അദ്ദേഹം ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചുകൊണ്ടുള്ള എ.ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് നടത്താനാണ് തീരുമാനം.
തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പ്രമേയത്തെ പിന്താങ്ങി. വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്തയച്ചതായി പാർട്ടിവൃത്തങ്ങൾ അറിയിച്ചു.





















