29 C
Trivandrum
Sunday, November 9, 2025

അസമിൽ ബിജെപിയ്ക്ക് വൻ തിരിച്ചടി; 17 പേർ പാർട്ടി വിട്ടു

Follow the FOURTH PILLAR LIVE channel on WhatsApp 

ഗുവാഹത്തി: അസമിൽ ബിജെപിയിൽ നിന്ന് ബിജെപി നേതാവും മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. ഇന്നലെയാണ് മുതി‍ർന്ന ബിജെപി നേതാവടക്കമുള്ളവ‍ർ രാജി വെച്ചത്. അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ബം​ഗ്ലാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. സ‍ർക്കാരിന് ജനങ്ങളോട് ബഹുമാനമില്ലെന്നും ഗൊഹെയ്ൻ കൂട്ടിച്ചേർത്തു.

‘പാർട്ടി നേതൃത്വം പ്രവർത്തകരിൽ വിശ്വാസം അർപ്പിക്കുകയും ബഹുമാനം കാണിക്കുകയും ചെയ്ത സമയമായിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോൾ നേതൃത്വം മാറി. നമ്മളെപ്പോലുള്ളവരോടുള്ള പാർട്ടിയുടെ മനോഭാവവും മാറി. അവർ വർഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള അസമീസ് സമൂഹത്തെ വിഭജിച്ചു. 2014 മേയ് 16നുശേഷം അസമിൽ ഒരു ബംഗ്ലാദേശിയും ഉണ്ടാകില്ലെന്ന് വാഗ്ദാനം ചെയ്ത സർക്കാർ പുതിയ തന്ത്രങ്ങളിലൂടെ ബംഗ്ലാദേശികളെ തുടർച്ചയായി സംസ്ഥാനത്തെത്തിച്ചു’- ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയക്ക് രാജി നൽകിയ ശേഷം ഗൊഹെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. 1999 മുതൽ 2019 വരെ നാഗോൺ നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ ലോക്സഭയിലേക്ക് ഗൊഹെയ്ൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 മുതൽ 2019 വരെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുതിർന്ന നേതാക്കളടക്കം കൂട്ട രാജി വെച്ചത് സംസ്ഥാന നേതൃത്വത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks