Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കന്യസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ സുഖ്മായ് മാണ്ഡവി എന്ന ആദിവാസി യുവാവിനെ ചേർത്തുനിർത്തിയ ഇടത് എം.പിമാരുടെ ചിത്രം പങ്കുവച്ച് എ.എ.റഹീം എം.പി. ബി.ജെ.പിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിൻ്റെ ഇരയാണ് ആ ചെറുപ്പക്കാരനെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
ജോൺ ബ്രിട്ടാസ്, പി.പി.സുനീർ, ജോസ് കെ.മാണി എന്നിവർക്കൊപ്പം സുഖ്മായ് നിൽക്കുന്ന ചിത്രമാണ് റഹീം പങ്കുവെച്ചത്. ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളിൽ ഒന്ന് എന്നു പറഞ്ഞുകൊണ്ടാണ് റഹീം ചിത്രം പങ്കുവെച്ചത്.
കുറിപ്പിൻ്റെ പൂർണരൂപം
ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളിൽ ഒന്നാണിത്.
ഇടത്പക്ഷ എം.പിമാർ ചേർത്തു നിർത്തിയിരിക്കുന്ന ഈ ചെറുപ്പക്കാരൻ സുഖ്മായ് മാണ്ഡവി, വയസ്സ് 19.
ഛത്തീസ്‌ഗഢ് നാരായൺപൂർ സ്വദേശിയായ ആദിവാസി യുവാവ്. ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചു സംഘപരിവാറുകാർ ആൾക്കൂട്ടവിചാരണ നടത്തി ക്രൂരമായി തല്ലിയത് ഈ പാവത്തിനെയാണ്.
ദുർഗ് സെൻട്രൽ ജയിലിൽ സന്ദർശനത്തിനിടയിൽ സിസ്റ്റർ വന്ദനയും പ്രീതിമേരിയും ഈ ചെറുപ്പക്കാരൻ നേരിട്ട ക്രൂരമായ അക്രമണവും അവഹേളനവും ഞങ്ങളോട് വിശദീകരിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിലും ബജറങ് ദൾ ക്രിമിനലുകൾ സുഖമോയെ ആക്രമിച്ചു.
അന്ന് ഞങ്ങൾ സുഖ്മായെ പാർപ്പിച്ചിരുന്ന പുരുഷന്മാരുടെ ജയിലിൽ അയാളെ സന്ദർശിച്ചു.(ഞങ്ങളുടെ ഇടതു പ്രതിനിധി സംഘമാണ് സുഖമായെ ആദ്യമായി സന്ദർശിക്കുന്നത്, അതിനു ശേഷവും മറ്റു പ്രതിനിധി സംഘങ്ങൾ സന്ദർശിച്ചതായി അറിയില്ല)
ജയിലിൽ വെച്ചു സുഖ്മായ് ഞങ്ങളോട് മനസ്സ് തുറന്നു. “പൊലീസ് പറയുന്നത് പച്ചക്കള്ളമാണ്. മൂന്നു പെൺകുട്ടികളും രക്ഷകർത്താക്കളുടെ അനുമതിയോടെ തന്നെയാണ് കന്യാസ്ത്രീകൾക്കൊപ്പം വന്നത്”. നല്ല ആത്മവിശ്വാസമുള്ള സുഖമോയെയാണ് ഞങ്ങൾക്ക് പരിചയപ്പെടാൻ കഴിഞ്ഞത്.
ഇന്ന് നിരപരാധിയായ ഈ ചെറുപ്പക്കാരൻ ജയിൽമോചിതനാകുമ്പോൾ വലിയ സന്തോഷമുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ സംസാരിക്കുന്നത് ബി.ജെ.പിയുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണ്,എന്നാൽ ബി.ജെ.പിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരൻ.
ദുർബലരെ ചേർത്തു നിർത്തുന്ന ഇടതുപക്ഷം ❤️


























