Follow the FOURTH PILLAR LIVE channel on WhatsApp
ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന നിര്‍ണായ സാക്ഷിമൊഴി പുറത്ത്. ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നാണ് സാക്ഷിയായ ശുചീകരണ തൊഴിലാളിയുടെ മൊഴി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം പുരുഷന്മാരും കൊല്ലപ്പെട്ടുവെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. പല കൊലപാതകങ്ങളും നേരിട്ട് കണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ പറയുന്നു.
നൂറിലധികം മൃതദേഹങ്ങള്‍ നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ താന്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളി മൊഴിയിൽ പറയുന്നത്. 1995 മുതല്‍ 2014 വരെയുള്ള കാലത്ത് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ചിലത് കത്തിച്ചുകളയുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കുറ്റബോധം കൊണ്ടാണ് ഇപ്പോള്‍ പരാതിമായി എത്തിയിരിക്കുന്നതെന്നാണ് ഇയാള്‍ മൊഴിയില്‍ പറയുന്നത്. കൊലപാതകങ്ങള്‍ നേരില്‍ കണ്ടതായും മൃതദേഹങ്ങള്‍ അടക്കം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്നും ശുചീകരണ തൊഴിലാളി പറയുന്നു. കൊല്ലപ്പെട്ട പുരുഷന്മാരുടെയും ബലാത്സംഗത്തിനിരയായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ 11 വര്‍ഷമായി ജീവഭയം കാരണം ഭാര്യയെയും മക്കളെയുമായി അയല്‍ സംസ്ഥാനത്ത് ഒളിവില്‍ കഴിയുകയാണെന്നും ഇയാള്‍ മൊഴിയിൽ പറയുന്നു. ധര്‍മ്മസ്ഥലയില്‍ നിന്ന് ഏറെ ദൂരെയാണെങ്കിലും താനും തന്റെ കുടുംബവും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും മൊഴിയില്‍ ഇയാള്‍ ആരോപിക്കുന്നു. സംസകരിച്ച ശരീരങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു ഒട്ടേറെ സ്ത്രീ മൃതദേഹങ്ങള്‍ വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ ഇല്ലാതെ കണ്ടെത്തി. ചിലതില്‍ ലൈംഗികാതിക്രമത്തിന്റെയും അക്രമത്തിന്റെയും വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇയാൾ മൊഴിയിൽ ആരോപിക്കുന്നു.
മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രത്യേക സ്ഥലങ്ങളിലേക്ക് ജോലിസ്ഥലത്തെ സൂപ്പര്‍വൈസര്‍മാര്‍ എന്നെ വിളിക്കുമായിരുന്നു. പലപ്പോഴും ഈ മൃതദേഹങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയോ സ്ത്രീകളുടെയോ ആയിരുന്നു. മാത്രവുമല്ല, അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ചില മൃതദേഹങ്ങളില്‍ ആസിഡുമൂലം പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. 2010-ല്‍ സൂപ്പര്‍വൈസര്‍മാര്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് എന്നെ അയച്ചു അവിടെ 12-നും 15-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോമില്‍ ആയിരുന്നു. അവളുടെ വസ്ത്രവും അവളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അടക്കം തനിക്ക് കുഴിച്ചിടേണ്ടി വന്നു.