Follow the FOURTH PILLAR LIVE channel on WhatsApp
ഡല്‍ഹി: സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍ കഴിയുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ ബോർഡ് രംഗത്ത്. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശമെന്നാണ് വിശദീകരണം.
വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും സ്കൂളുകളിൽ ഉണ്ടാകണമെന്നാണ് നിർദേശം.
ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണമെന്നും, ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ നിര്‍ദേശം പാലിച്ചിരിക്കണമെന്നും ബോർഡ് അറിയിച്ചു.