Follow the FOURTH PILLAR LIVE channel on WhatsApp
അഹമ്മദാബാദ്: ദുരന്തത്തിൽപ്പെട്ട വിമാനം തകര്‍ന്നുവീണത് മേഘാണി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിൻ്റെ യു.ജി. ഹോസ്റ്റല്‍ മെസ്സിന് മുകളിലേക്കായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിൽ 5 എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഇതില്‍ 4 പേര്‍ യു.ജി. വിദ്യാര്‍ഥികളും ഒരാള്‍ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡൻ്റുമാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
വിമാനം തകര്‍ന്നുവീണ സമയത്ത് ഹോസ്റ്റല്‍ മെസ്സില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളുണ്ടായിരുന്നു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ ഭക്ഷണം വിളമ്പിയ പ്ലേറ്റുകളും ഗ്ലാസുകളും ഉള്‍പ്പെടെയുള്ളവ ഹോസ്റ്റല്‍ മെസിലെ മേശകള്‍ക്കു മീതേ കിടക്കുന്നതായി കാണാം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. 2 പൈലറ്റുമാരും 10 കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറി