Follow the FOURTH PILLAR LIVE channel on WhatsApp
അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിൻ്റെയും തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്നതിൻ്റെയും നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. കെട്ടിടങ്ങളോട് ചേര്‍ന്നാണ് വിമാനം സഞ്ചരിക്കുന്നതെന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം താഴേക്ക് പതിക്കുന്നതും വിമാനം വലിയ തീഗോളമായി മാറുന്നതും കാണാം.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.
തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നു. അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് നിരവധി അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തെ റോഡുകളെല്ലാം അടച്ചു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായെന്നും സൂചനയുണ്ട്.
എയര്‍ഇന്ത്യയുടെ എ.ഐ. 171 ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, വൈകിയാണ് വിമാനം പുറപ്പെട്ടത്. ലണ്ടനില്‍ പ്രാദേശികസമയം വൈകീട്ട് 6.25ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. 9 മണിക്കൂറും 22 മിനിറ്റുമായിരുന്നു വിമാനത്തിൻ്റെ യാത്രാസമയം.