29 C
Trivandrum
Friday, November 14, 2025

എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; പൈലറ്റുമാരുടെ സംഭാഷണമടക്കം ലഭിച്ചേക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

അഹമ്മദാബാദ്: വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനാപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സിൻ്റെ കണ്ടെത്തല്‍. എയര്‍ക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എ.എ.ഐ.ബി.) വെള്ളിയാഴ്ച ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.

ബ്ലാക്ക് ബോക്‌സില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം നടക്കുക. ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടങ്ങിയതാണ് ബ്ലാക്ക്‌ ബോക്‌സ്. വിമാനത്തിൻ്റെ സാങ്കേതിക വിവരങ്ങളും പൈലറ്റുമാരുടെ സംഭാഷണങ്ങളുമെല്ലാം ഇതില്‍നിന്ന് മനസിലാക്കാനാകും. അതോടെ അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും. ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ക് ബോക്‌സ് വിമാനത്തിൻ്റെ പിന്‍ഭാഗത്താണ് ഘടിപ്പിക്കാറുള്ളത്.

2 പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചു. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Recent Articles

Related Articles

Special

Enable Notifications OK No thanks