Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ പ്രക്ഷുബ്ധമായി ഇറാൻ ആകാശപാത. ഇറാനിയൻ ആകാശപാതയിൽനിന്ന് വിമാനങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് ഇറക്കാൻ തിരക്ക് കൂട്ടുന്നതിൻ്റെ തത്സമയ ദൃശ്യവത്കരണം ഫ്ലൈറ്റ്റ റഡാർ 24 വെബ്സൈറ്റ് എക്സിൽ പങ്കുവെച്ചു.
9 സെക്കൻഡ് നീളുന്ന ടൈം ലാപ്സ് വീഡിയോ ദൃശ്യത്തിൽ 100 കണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും സഞ്ചാരപാതയിൽനിന്ന് ദിശമാറിപ്പോകുന്നതും കാണാം. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആഗോള ആകാശപാതയെ എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോ.
ആക്രമണത്തിന് പിന്നാലെ മിനിറ്റുകൾക്കുള്ളിൽതന്നെ ഇറാൻ്റെ ആകാശപാത ഏതാണ്ട് ശൂന്യമാകുന്നത് ഫ്ലൈറ്റ്റ റഡാർ 24ൻ്റെ ദൃശ്യത്തിൽ കാണാം. സംഘർഷ ഭീഷണി ഒഴിവാക്കാൻ വാണിജ്യവിമാനങ്ങൾ പെട്ടെന്നുതന്നെ വഴിതിരിച്ചു വിടുന്നതും സഞ്ചാരത്തിനായി ബദൽ മാർഗങ്ങൾ തേടുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോള വ്യോമയാന മേഖലയിൽ വിമാനങ്ങളുടെ വൻതോതിലുള്ള റൂട്ട് മാറ്റം വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യക്കും ഏഷ്യയുടെ മറ്റു ഭാഗങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് യാത്രാദൈർഘ്യം വർധിക്കുമെന്നും ഉയർന്ന ഇന്ധനച്ചെലവിന് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.