Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മധ്യപ്രദേശ് മുന്‍ എം.എൽ.എ. ലക്ഷ്മണ്‍ സിങ്ങിനെ കോണ്‍ഗ്രസ് പുറത്താക്കി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ രൂക്ഷവിമര്‍ശനങ്ങളുടെ പേരിലാണ് നടപടി. മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിൻ്റെ സഹോദരനാണ് ലക്ഷ്മണ്‍ സിങ്. ലക്ഷ്മണ്‍ സിങ്ങിനെ കോണ്‍ഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കിയതായി കോണ്‍ഗ്രസ് അച്ചടക്ക സമിതി മെമ്പര്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധിയും സഹോദരീഭര്‍ത്താവ് റോബര്‍ട്ട് വദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മണ്‍ സിങ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. പക്വതയില്ലാത്ത പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ അദ്ദേഹം ബുദ്ധിപൂര്‍വ്വം പ്രതികരണങ്ങള്‍ നടത്താന്‍ രാഹുലിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മണ്‍ സിങ്ങിന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് നടപടി.
നേരത്തെ യു.എസ്. സന്ദര്‍ശനത്തില്‍ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങളേയും ലക്ഷ്മണ്‍ സിങ് ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകുമ്പോള്‍ ഒരിക്കലും രാജ്യത്തെ വിമര്‍ശിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു.’വിദേശത്തായിരിക്കുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കരുത്. നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. അടല്‍ ബിഹാരി വാജ്പേയി പോലും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒരിക്കലും ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ല, വിദേശ മണ്ണില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹം എപ്പോഴും ഇന്ത്യയെ പ്രശംസിച്ചു’-ലക്ഷ്മണ്‍ സിങ് പറയുകയുണ്ടായി.






























