വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്‌ക്കെതിരെ അശ്ലീല കമൻ്റ്; ഡെപ്യൂട്ടി തഹസിൽദാറെ പിരിച്ചുവിടാൻ ശുപാർശ

Follow the FOURTH PILLAR LIVE channel on WhatsApp 

കാസറഗോഡ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി.നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടേക്കും. കാസറഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രനെതിരെയാണ് നടപടി.

പവിത്രനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് മരിച്ച രഞ്ജിത.

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിക്കും. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നു.

ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപമാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇയാള്‍ പിന്നീട് അശ്ലീല പരാമര്‍ശങ്ങള്‍ കമൻ്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തില്‍ അനുശോചിക്കുന്നുവെന്ന പേരിലാണ് ഇയാള്‍ പോസ്റ്റിട്ടത്.

ഇതിൻ്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതില്‍ ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു.

Recent Articles

Related Articles

Special