Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: മെയ് 8ന് രാത്രിയും 9ന് പുലർച്ചെയും പാകിസ്താൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്താൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാകിസ്താൻ ഇന്ത്യയിലെ നാല് വ്യോമകേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചത്. എന്നാൽ, ഇവയെല്ലാം വിഫലമാക്കിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
നിയന്ത്രണ രേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെവി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ 300-400 ഡ്രോണുകള്‍ ഉപയോഗിച്ചതായും അവയെ വെടിവെച്ചിട്ടതായും മിസ്രി പറഞ്ഞു. ഇന്ത്യൻ സൈന്യം കൈനറ്റിക്, നോൺ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളിൽ ഭൂരിഭാഗവും തകർത്തു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി പരീക്ഷിച്ചറിയാനും ഇൻ്റലിജൻസ് വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് മിസ്രി പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് പാകിസ്താൻ ഉപയോഗിച്ചത്. തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഭട്ടിന്‍ഡയില്‍ കണ്ടെത്തി.
പാകിസ്താൻ്റെ ആക്രമണത്തിൽ 2 വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.
പാകിസ്താൻ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പുഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മിസ്രിയുടെ പ്രതികരണം. പാകിസ്താൻ്റെ ഷെല്ലാക്രമണത്തിലാണ് ഗുരുദ്വാര തകർന്നത്. എന്നാൽ അത് ഇന്ത്യ ചെയ്തതാണെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നു. ഇതുകൂടാതെ ഒരു ക്രിസ്ത്യൻ ആരാധനാലയവും സ്‌കൂളും തകർത്തു. എല്ലാ മര്യാദകളും ലംഘിച്ചാണ് അവർ മുന്നോട്ട് പോകുന്നതെന്നും വിക്രം മിസ്രി പറഞ്ഞു.
ആക്രമണത്തില്‍ പാകിസ്താൻ്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്താന്‍ നടത്തിയത്. പാകിസ്താൻ്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.
വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.