Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വെള്ളി പകൽ 1നു ശേഷം ഇടപ്പള്ളി ശ്‌മശാനത്തിലായിരുന്നു സംസ്കാരം.
വികാരനിർഭരമായ രംഗങ്ങൾക്കിടെ രാമചന്ദ്രന്‍റെ മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്കെടുത്തപ്പോൾ വർഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യം വിളികൾ ഉയർന്നു. കുടുംബാംഗങ്ങൾ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചു.
വെള്ളി രാവിലെ 7 മുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരടക്കം ആയിരങ്ങൾ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് 10.30ഓടെ മാമംഗലം മങ്ങാട്ട് റോഡിലെ ‘നീരാഞ്ജനം’ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേർ ഒഴുകിയെത്തി. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നു.
ഗവര്‍ണര്‍ രാജേന്ദ്ര ആർലേകര്‍, മന്ത്രിമാരായ പി.രാജീവ്, എ.കെ.ശശീന്ദ്രന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. സംസ്കാരശേഷം മുഖ്യമന്ത്രി പിണറായി വിജയൻ രാമചന്ദ്രൻ്റെ വീട് സന്ദശിക്കും എന്നറിയിച്ചിട്ടുണ്ട്.
ബുധൻ രാത്രി 8ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങിയശേഷം റിനൈ മെഡിസിറ്റി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വർഷങ്ങളോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് 5 വർഷംമുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തിയത്. തുടർന്ന് പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽനിന്ന് നാട്ടിലെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രനും ഭാര്യ ഷീലയും അവധി ആഘോഷിക്കാനായി 21ന് രാവിലെയാണ് കശ്മീരിലേക്ക് പോയത്.