Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീതയെ (38) കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് (40) തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷൻ്റെ ആവശ്യം മുഖവിലയ്ക്ക് എടുത്താണ് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ 4 ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കള്‍ക്കു നല്‍കണം. പ്രതിക്കു വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
ഏപ്രില്‍ 10ന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള 7 റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ഒരു സാധ്യതയും ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി 6ന് പകല്‍ രാജേന്ദ്രന്‍ അലങ്കാരച്ചെടി കടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം. ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിനു വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. സമാനരീതിയില്‍ തമിഴ്നാട് തിരുനെൽവേലി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രന്‍ അമ്പലമുക്കിലെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു.
ഹൃദ്രോഗബാധിതനായി ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റു മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത അമ്പലമുക്കിലെ ‘ടാബ്സ് അഗ്രി ക്ലിനിക്’ എന്ന അലങ്കാരച്ചെടി വില്‍പ്പനശാലയില്‍ ജോലിക്കു ചേര്‍ന്നത്. കൊല്ലപ്പെടുന്നതിന് 9 മാസം മുന്‍പാണ് ഇവിടെ ജോലിക്ക് എത്തിയത്. സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. പേരൂർക്കടയിലെ ടീ സ്റ്റാളിൽ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന എത്തി വിനീതയുമായി സംസാരിച്ച ശേഷം കത്തി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരയുടെ സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുന്നതാണ് രാജേന്ദ്രൻ്റെ രീതി. സമാന രീതിയിലാണ് രാജേന്ദ്രൻ തമിഴ്നാട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തി 95 ഗ്രാം സ്വർണാഭരണം കവർന്നത്. അതിൻ്റെ വിചാരണ നാഗർകോവിൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ഫൊറന്‍സിക് വിദഗ്ധരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചിരുന്നു.
കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി നടത്തിയ 4 കൊലപാതകങ്ങളിൽ മൂന്നിലും ഇരകൾ സ്ത്രീകളാണ്. വിനീതയെ കൊലപ്പെടുത്താൻ പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കുകയും ചെയ്തു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, 7 ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദേവിക മധു, ജെ.ഫസ്ന, ഒ.എസ്.ചിത്ര എന്നിവർ ഹാജരായി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സ്പര്‍ജന്‍ കുമാറിൻ്റെ മേല്‍നോട്ടത്തില്‍ കൻ്റോണ്‍മെൻ്റ് എസിയായിരുന്ന വി.എസ്.ദിനരാജ്, പേരൂര്‍ക്കട സി.ഐ ആയിരുന്ന വി.സജികുമാര്‍, എസ്.എച്ച്.ഒയുടെ ചുമതലയുണ്ടായിരുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ ജുവനപുടി മഹേഷ്, സബ് ഇന്‍സ്പക്ടര്‍ എസ്.ജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസുകാരായ ആർ.പ്രമോദ്, നൗഫല്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.