Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത് ആദ്യമായാണ്.
10 ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകൾക്ക് ഗവർണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേൽ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോൾ നിയമമായിരിക്കുന്നത്.
സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് വരെ തമിഴ്നാട് സർക്കാർ കാത്തിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ വിധി അപ്ലോഡ് ചെയ്തു. തൊട്ടുപിന്നാലെ തന്നെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ഇത്തരത്തിൽ ബില്ലുകൾ നിയമമാകുന്നത് ആദ്യമായിട്ടാണ്.
സർവകലാശാല ഭേദഗതി ബില്ല് ഉൾപ്പെടെ പുതിയ നിയമങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവർണറായിരുന്നു ചാൻസലർ സ്ഥാനത്തുണ്ടായിരുന്നത്. ബില്ല് നിയമമായതോടെ തമിഴ്നാട്ടിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന നടപടികളിലേക്ക് അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കടക്കും. ഇതിനായി രജിസ്ട്രാർമാരുടേയും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചതിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.