29 C
Trivandrum
Friday, April 25, 2025

നാഷണൽ ഹെറാൾഡ്‌ കേസിൽ സോണിയയ്ക്കും രാഹുലിനും തിരിച്ചടി; 661 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാൻ ഇ.ഡി. നടപടി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്വത്തുകൾ ഏറ്റെടുക്കാൻ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നടപടി ആരംഭിച്ചു. നാഷണല്‍ ഹെറാള്‍ഡിൻ്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിൻ്റെ സ്വത്താണ്‌ കണ്ടുകെട്ടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് കേസില്‍ പ്രധാനമായും ആരോപണം നേരിടുന്നത്.

ലഖ്നൗ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുവകകള്‍ക്ക് പുറമേ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസും കണ്ടുകെട്ടും. ഡൽഹി ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ ഭൂമി, ലഖ്നൗ എ.ജെ.എൽ. എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിൻ്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012ല്‍ ബി.ജെ.പി. നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്ത് വന്നതാണ് കേസിൻ്റെ തുടക്കം.

5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി വായ്പ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്പ എന്നും ഇതിനു പുറകില്‍ വാണിജ്യ താല്‍പര്യങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് ഇതിനോട്‌ പ്രതികരിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks