Follow the FOURTH PILLAR LIVE channel on WhatsApp
ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ വ്യാജഡോക്ടർ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ 7 രോഗികൾ മരിച്ചു. ദാമോ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ഒരു മാസത്തിനുള്ളിൽ ആശുപത്രിയിൽ 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യു.കെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റാണെന്നാണ് ജോണ്‍ കെം എന്ന പേരില്‍ അറിയപ്പെട്ട വ്യാജഡോക്ടറുടെ അവകാശ വാദം. തുടർന്ന് ഇയാൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ പിന്നീട് മരിച്ചതായി അധികൃതർ പറഞ്ഞു.
വ്യാജ ഡോക്ടറെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തി. ഔദ്യോഗിക മരണസംഖ്യ 7 ആണെങ്കിലും യഥാർത്ഥത്തിൽ മരിച്ചവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പ്രസിഡൻ്റും അഭിഭാഷകനുമായ ദീപക് തിവാരി അറിയിച്ചു. അഭിഭാഷകൻ നേരത്തെ ദാമോ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയിരുന്നു.
ആരോപണങ്ങളെ തുടർന്ന് അന്വേഷണ സംഘം ആശുപത്രിയിലെ എല്ലാ രേഖകളും പിടിച്ചെടുത്തു. അന്വേഷണത്തിൽ, പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ വ്യാജ രേഖകൾ സമർപ്പിച്ചതായി കണ്ടെത്തി. ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.