Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വാഷിങ്ടണില്‍ നടക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ (എ.എസ്.പി.എ.) വാര്‍ഷിക സമ്മേളനത്തില്‍ ഓൺലൈനായി സംസാരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. കേരളത്തിൻ്റെ സംരംഭകവർഷം പദ്ധതിക്ക് എ.എസ്.പി.എ. നല്കിയ അംഗീകാരം സ്വീകരിക്കാൻ അമേരിക്കയിലേക്കു പോകുന്നതിന് മന്ത്രിക്ക് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഓൺലൈനായി പങ്കെടുത്തത്.
‘സംരംഭക വര്‍ഷം: കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥയും അതിന്‍റെ വിജയകരമായ നടപ്പാക്കലും’ എന്ന വിഷയത്തിലായിരുന്നു രാജീവിൻ്റെ പ്രഭാഷണം. എം.എസ്.എം.ഇ. മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി കേരള സര്‍ക്കാര്‍ 2022-23ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി വ്യാവസായിക, സംരംഭകത്വ സൗഹൃദ ആവാസവ്യവസ്ഥയായുള്ള സംസ്ഥാനത്തിന്‍റെ പരിവര്‍ത്തനത്തിന് ശക്തി പകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന ജിവിത നിലവാരം, അടിസ്ഥാന സൗകര്യം, ഇന്‍റര്‍നെറ്റ് പൗരന്‍റെ അവകാശം, ഇ-ഗവേണന്‍സ് എന്നിവ സാധ്യമാക്കാനായതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സ്ഥിരമായി മുന്‍പന്തിയിലെത്താന്‍ കേരളത്തിനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്‍റര്‍നെറ്റ് ലഭ്യത പൗരന്‍മാരുടെ മൗലികാവകാശമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ പ്രദേശമാണ് കേരളം. വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളം ഇപ്പോള്‍ വ്യവസായ രംഗത്തും രാജ്യത്ത് മുന്‍പന്തിയിലാണ്. ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയത് വലിയ അംഗീകാരമാണ്. 2019 ല്‍ ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം 28ാം സ്ഥാനത്തായിരുന്നു. 2016 മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ അനുകൂല നിയമനിര്‍മ്മാണങ്ങളും പരിഷ്കാരങ്ങളും വ്യവസായ മേഖലയുടെ ആത്മവിശ്വാസം വളര്‍ത്തി. ഇതിന്‍റെ ഫലമായാണ് ഒന്നാം റാങ്കിലെത്താന്‍ കേരളത്തിനായത്. തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ കേരളം 1 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ നിലവിലുള്ള വ്യവസായ ആവാസവ്യവസ്ഥയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022ല്‍ സംരംഭക വര്‍ഷം പദ്ധതിക്ക് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര വ്യാവസായിക പ്രോത്സാഹനത്തിന് അടിത്തറ പാകുന്നതിനായി നയരൂപകര്‍ത്താക്കള്‍ മുതല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ ഇതിന്‍റെ ഭാഗമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സഹകരണവും പിന്തുണ നേടാനും പദ്ധതിക്കായി. കേരളത്തില്‍ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3.5 ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. 22,135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്. പുതിയ സംരംഭകരില്‍ 31 ശതമാനം സ്ത്രീകളാണെന്നും പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2022-23ല്‍ 1,39,839 പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. 8421.64 കോടിയുടെ നിക്ഷേപമാണ് ഇത് കൊണ്ടുവന്നത്. 3,00,049 തൊഴിലവസരങ്ങളും ഇത് സാധ്യമാക്കി. 2023-24 ല്‍ 1,03,596 പുതിയ സംരംഭങ്ങളും 7048.66 കോടി രൂപയുടെ നിക്ഷേപവും 2,18,179 തൊഴിലസരങ്ങളുമാണ് സംരംഭക വര്‍ഷത്തിലൂടെ കേരളത്തില്‍ ഉണ്ടായത്. സംരംഭക വര്‍ഷത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലും ഈ നേട്ടം നിലനിര്‍ത്താന്‍ കേരളത്തിനായി. 2024-25 ല്‍ 1,09,369 പുതിയ എം.എസ്.എം.ഇ. യൂണിറ്റുകളാണ് ആരംഭിച്ചത്. 7186.09 കോടി രൂപയുടെ നിക്ഷേപവും 2,30,785 തൊഴിവസരങ്ങളുമുണ്ടായി.
സംസ്ഥാനത്ത് ഓരോ സാമ്പത്തിക വര്‍ഷവും ചുരുങ്ങിയത് 1,00,000 സംരംഭങ്ങളെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. എന്‍റര്‍പ്രൈസ് ഫെസിലിറ്റേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭക ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിന് ആകര്‍ഷകമായ പിന്തുണാ നടപടികള്‍ അവതരിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സുസ്ഥിരമായ വ്യവസായ വളര്‍ച്ച പരിപോഷിപ്പിക്കുന്നതിനും അതുവഴി കേരളത്തിലെ സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത സംരംഭക വര്‍ഷം പദ്ധതിക്കുണ്ട്.
കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്ക് ദേശീയ അംഗീകാരം നേടിത്തന്ന പദ്ധതിയാണ് സംരംഭക വര്‍ഷം. പ്രധാനമന്ത്രിയുടെ യോഗത്തില്‍ രാജ്യത്തെ എം.എസ്.എം.ഇ. മേഖലയിലെ ഏറ്റവും മികച്ച പ്രാക്ടീസായി സംരംഭക വര്‍ഷം 2023-24ല്‍ അവതരിപ്പിച്ചു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരവും പദ്ധതി നേടി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എ.എസ്.പി.എയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംരംഭക വര്‍ഷത്തെക്കുറിച്ച് അവതരണം നടത്തിയത്.
സംരംഭക വര്‍ഷത്തിന്‍റെ വിജയത്തെക്കുറിച്ച് ഐ.ഐ.എം. ഇന്‍ഡോര്‍ നടത്തിയ പഠനം അനുസരിച്ച് എം.എസ്.എം.ഇ. പങ്കാളികളില്‍ 92 ശതമാനവും പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന നൂതന പദ്ധതിയായ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 33 പുതിയ വ്യാവസായിക ഫാമുകള്‍ സ്ഥാപിച്ചു. അക്കാദമിയ-ഇന്‍ഡസ്ട്രി ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളും വ്യവസായ വകുപ്പ് നടത്തിവരുന്നു. വ്യാവസായിക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍റുകള്‍ നല്‍കുന്നത് ഇതിന്‍റെ ഭാഗമാണ്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഒരു നൂതന പദ്ധതിയായി സര്‍ക്കാര്‍ അവതരിപ്പിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ വ്യവസായ സംരംഭം എന്ന നിലയിലുള്ള ഒഎല്‍ഒപി ആണ് മറ്റൊരു നൂതന പദ്ധതി. വ്യവസായ വകുപ്പിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ കേരളത്തില്‍ ഒരു സംരംഭം ആരംഭിക്കാനുള്ള ലൈസന്‍സ് എടുക്കാന്‍ മിനിറ്റുകള്‍ മതി. ഇപ്രകാരം കെ-സ്വിഫ്റ്റ് ഇന്‍ പ്രിന്‍സിപ്പല്‍ അക്നോളജ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് വഴി സംരംഭം തുടങ്ങിയാല്‍ അടുത്ത മൂന്നര വര്‍ഷത്തിനുള്ള എല്ലാ ലൈസന്‍സുകളും എടുത്താല്‍ മതിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംരംഭക വര്‍ഷം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പൊതുഭരണത്തിലെ നൂതനാശയങ്ങള്‍ക്കുള്ള എ.എസ്.പി.എ. അവാര്‍ഡ് സമ്മേളനത്തില്‍ കേരളത്തിന് സമ്മാനിച്ചു. വാഷിങ്ടണിൽ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുമന്‍ ബില്ല പുരസ്കാരം ഏറ്റുവാങ്ങി. സര്‍ക്കാര്‍ നയങ്ങള്‍, പൊതുഭരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ 10,000 -ത്തിലേറെ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് എ.എസ്.പി.എ.