Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന് സി.എം.ആർ.എൽ. മാസപ്പടി നല്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങളിൽ കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടനു തുടർച്ചയായ തിരിച്ചടി. ഹൈക്കോടതിയിൽ നിന്ന് ഈ വിഷയത്തിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് വിവരാവകാശ കമ്മീഷനിൽ നിന്നു കൂടി വിധി കുഴൽനാടന് എതിരാവുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽനിന്നു കുഴൽനാടനു വിവരങ്ങൾ നൽകേണ്ടതില്ലെന്നു സംസ്ഥാന വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കുഴൽനാടൻ സമർപ്പിച്ച അപ്പീൽ മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർ തള്ളി. വിവരാവകാശ നിയമം സെക്‌ഷൻ 24(4) പ്രകാരം വിവരങ്ങൾ നൽകാൻ നിരോധനമുള്ളതാണു പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമെന്നു വിലയിരുത്തിയാണ് ഉത്തരവ്.
വിവരാവകാശ ഉദ്യോഗസ്ഥൻ്റെ തീരുമാനത്തിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്ന് വിധിയിൽ പറയുന്നു. മാത്രമല്ല, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും ബംഗളൂരുവിലെ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നതല്ലാതെ അതിനുള്ള വിവരങ്ങൾ സമർപ്പിച്ചിട്ടുമില്ലെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി.
2024 മേയ് 30നാണ് മാത്യു കുഴൽനാടൻ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫിസർക്ക് ആദ്യ അപേക്ഷ നൽകുന്നത്. ഇതിന് പൊലീസ് ആസ്ഥാനത്തുനിന്ന് ജൂൺ 28ന് മറുപടി നൽകി. വിവരം ലഭ്യമായില്ലെന്നുകാട്ടി ഓഗസ്റ്റ് 25ന് അപ്പീൽ നൽകി. സെപ്‌റ്റംബർ 6ന് ഇതിൽ മറുപടി നൽകി. കഴിഞ്ഞവർഷം ഒക്‌ടോബർ 10ന് സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകി. അതിൽ വാദം കേട്ടശേഷമാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ വിധി.