Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: അറസ്റ്റിലായവരുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ബോധമുള്ളത് കേരളത്തിലെ പൊലീസിനാണെന്ന് കണ്ടെത്തൽ. കുറ്റവാളികള്‍ക്കെതിരേയുള്ള ആള്‍ക്കൂട്ടാക്രമണത്തെ പിന്തുണയ്ക്കുന്നതിൻ്റെ തോത് കേരളത്തിൽ 0 ശതമാനമാണ്. ഇന്ത്യയിലെ പൊലീസിങ്ങിൻ്റെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഡല്‍ഹി ആസ്ഥാനമായ സെൻ്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്.) 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള, വിവിധ റാങ്കിലുള്ള 8,276 പൊലീസുകാരില്‍ നടത്തിയ സര്‍വേയിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കര്‍ത്തവ്യനിര്‍വഹണത്തിനിടെ പീഡനമുറകളും അക്രമവും ഉപയോഗിക്കുന്നതിനെ ഇന്ത്യയിലെ വലിയ വിഭാഗം പൊലീസുകാരും ന്യായീകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിലായവരുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കുറവ് ബോധ്യമുള്ളത് ഝാര്‍ഖണ്ഡ്, ഗുജറാത്ത് പൊലീസിനാണെന്നും കണ്ടെത്തി. കുറ്റവാളികള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ടാക്രമണത്തെ പിന്തുണയ്ക്കുന്നതിൻ്റെ തോത് ഗുജറാത്ത് (57 ശതമാനം), ആന്ധ്രാപ്രദേശ് (51 ശതമാനം), മഹാരാഷ്ട്ര (50 ശതമാനം), തമിഴ്നാട് (46 ശതമാനം), ഒഡീഷ (42 ശതമാനം) എന്നിങ്ങനെയാണ്. കേരളം (0 ശതമാനം), പഞ്ചാബ് (3 ശതമാനം), ഉത്തര്‍പ്രദേശ് (4 ശതമാനം), ഡല്‍ഹി (10 ശതമാനം) എന്നിങ്ങനെയാണ് ഇക്കാര്യത്തില്‍ കുറഞ്ഞ തോത്.
20 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നത് ജനങ്ങളില്‍ ഭയമുണ്ടാക്കാന്‍ കഠിനമുറകള്‍ വേണമെന്നാണ്. 35 ശതമാനം പൊലീസുകാര്‍ കുറച്ചൊക്കെ പ്രധാനമാണ് എന്ന നിലപാടുള്ളവരും. ലൈംഗികാതിക്രമങ്ങളില്‍ ആള്‍ക്കൂട്ടാക്രമണം നടത്തുന്നത് ന്യായീകരിക്കുന്നവരാണ് 27 ശതമാനം പേര്‍.
അപകടകാരികളായ കുറ്റവാളികളെ വിചാരണയ്ക്ക് വിട്ടുനല്‍കാതെ വധിക്കണമെന്ന നിലപാടുകാരാണ് 22 ശതമാനം പൊലീസുകാര്‍. തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സേനയെ ശിക്ഷാഭയമില്ലാതെ ഉപയോഗിക്കാനാവണമെന്ന വിശ്വാസക്കാരാണ് പൊലീസുകാരിലധികവും. 26 ശതമാനം പേര്‍ ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നു. 45 ശതമാനം പേര്‍ കുറച്ചൊക്കെ അനുകൂലിക്കുന്നു. 11 ശതമാനം പേര്‍ എതിര്‍ക്കുന്നു.
അറസ്റ്റ് വേളകളില്‍ മാനദണ്ഡം പാലിക്കുന്നെന്ന് വ്യക്തമാക്കിയത് 41 ശതമാനം പേരാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ മൂന്നാംമുറ പ്രയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് 30 ശതമാനം പേരും കരുതുന്നത്.