Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുള്ളറംകോട് നിന്ന് വെള്ളിയാഴ്ച അവരെത്തും -83 കുട്ടികൾ. മന്ത്രി അപ്പൂപ്പൻ്റെ വീടു കാണാനാണ് അവരുടെ വരവ്. കുട്ടികൾ പ്രകടിപ്പിച്ച ആഗ്രഹം സഫലീകരിക്കാൻ മന്ത്രി തന്നെയാണ് മുൻകൈയെടുത്തത്.
തിരുവനന്തപുരം കല്ലമ്പലം മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ നാലാം ക്ലാസിലെ 83 വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കത്തെഴുതി. മന്ത്രി അപ്പൂപ്പൻ്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് കാണാൻ അവസരം ഒരുക്കുമോ എന്നതായിരുന്നു കത്തിൽ കുട്ടികളുടെ ചോദ്യം. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ച് മന്ത്രി അപ്പൂപ്പൻ കുട്ടികളെ ക്ഷണിക്കുകയും ചെയ്തു. കത്ത് ലഭിച്ചപ്പോൾ തന്നെ മന്ത്രി കുട്ടികളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും തീയതിയും സമയവും സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.
മുള്ളറംകോട് നിന്ന് കുട്ടികൾ വരുന്ന കാര്യം മന്ത്രി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. “ഒരു കത്തിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. കത്തെഴുതിയത് മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ നാലാം ക്ലാസിലെ 83 വിദ്യാർത്ഥികൾ. സ്വീകർത്താവ് പൊതു വിദ്യാഭ്യാസ മന്ത്രിയായ ഞാൻ. മന്ത്രി അപ്പൂപ്പൻ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് ഞങ്ങൾ കത്തെഴുതുന്നത് എന്ന ആമുഖത്തോടെയാണ് കുട്ടികളുടെ കത്ത്. പിന്നാലെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് കാണാൻ അവസരം ഒരുക്കുമോ എന്നൊരു ചോദ്യവും ഉന്നയിച്ചു. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് കുഞ്ഞുങ്ങളെ ക്ഷണിച്ചുകൊണ്ട് ഞാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ചെയ്തു. പിന്നാലെ തിയതിയും സമയവും സ്കൂൾ അധികൃതരെ അറിയിച്ചു. അങ്ങിനെ കുഞ്ഞുങ്ങൾ ഏറെ ആഗ്രഹിച്ച സുദിനം സമാഗതമായിരിക്കുകയാണ്. മന്ത്രി അപ്പൂപ്പനേയും റോസ് ഹൗസും കാണാനുള്ള തിടുക്കത്തിലാണ് കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളെ കാണാനുള്ള കാത്തിരിപ്പിൽ മന്ത്രി അപ്പൂപ്പനും.”
അങ്ങനെ കുഞ്ഞുങ്ങൾ ഏറെ ആഗ്രഹിച്ച സുദിനം സമാഗതമായിരിക്കുകയാണ്. വെള്ളിയാഴ്ച മന്ത്രി അപ്പൂപ്പനേയും റോസ് ഹൗസും കാണാനായി മുള്ളറംകോട് സ്കൂളിലെ കുട്ടികളെത്തും. കുഞ്ഞുങ്ങളെ കാണാനുള്ള കാത്തിരിപ്പിലാണ് മന്ത്രി അപ്പൂപ്പനും.