Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താല്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. താല്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ മന്ത്രി പി.രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിക്ഷേപക ഉച്ചകോടിയിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞു. സമാപന ചടങ്ങ് നടക്കുമ്പോഴും താല്പര്യപത്രം ലഭിച്ചുകൊണ്ടിരുന്നു. അന്തിമ പട്ടികയില്‍ നിക്ഷേപകരുടെ എണ്ണവും തുകയും ഉയരും. രണ്ടാഴ്ചക്കുള്ളില്‍ സ്‌ക്രീന്‍ ചെയ്ത് അന്തിമ പട്ടിക തയ്യാറാക്കും. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി പദ്ധതികളുടെ അനുമതി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അവലോകന സമിതി രൂപവത്കരിക്കുമെന്നും രാജീവ് പറഞ്ഞു.
ഇന്‍വെസ്റ്റ് കേരളയില്‍ ലഭിച്ച താല്പര്യപത്രങ്ങളില്‍ 50 കോടിക്ക് മുകളിലുള്ള സംരംഭങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഐ.ഡി.സി. വഴി നടപ്പാക്കും. 50 കോടിയില്‍ താഴെയുള്ള എം.എസ്.എം.ഇ. നിക്ഷേപ താല്പര്യപത്രങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വ്യവസായവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വഴിയാണ് നടപ്പാക്കുന്നത്. ഐ.ടി. മേഖലയുടെ താല്പര്യപത്രങ്ങള്‍ ഐ.ടി. വകുപ്പ് തന്നെ കൈകാര്യം ചെയ്യും.
50 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ നടത്തിപ്പിനായി കെ.എസ്.ഐ.ഡി.സി. പ്രത്യേക സംഘത്തെ നിയമിക്കും. സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദ്ദേശങ്ങളെ 7 മേഖലകളായി കോര്‍ത്തിണക്കി മാനേജര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍റെ ചുമതലയില്‍ 7 സംഘങ്ങള്‍ക്ക് രൂപം നല്‍കും. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 7 അംഗ ടീമിനോടൊപ്പം അതത് മേഖലയിലെ വിദഗ്ധരെ കൂടി ചുമതലപ്പെടുത്തും. ആദ്യഘട്ടത്തില്‍ 12 വിദഗ്ധരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി ലഭിച്ച പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതി ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡ് വഴി പൊതുമണ്ഡലത്തില്‍ ലഭ്യമാക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതികളുടെ പുരോഗതിയുടെ വിശകലനം നടത്തും. മാസം തോറും വ്യവസായ മന്ത്രിയുടെ അധ്യക്ഷതയിലും പദ്ധതികള്‍ വിലയിരുത്തും. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന നയങ്ങളും ഫ്രെയിംവര്‍ക്കുകളും 2 മാസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തും. പദ്ധതികളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്ന മുറയ്ക്ക് 4 മാസത്തിനുള്ളില്‍ അനുമതി നല്‍കിത്തുടങ്ങാന്‍ സാധിച്ചേക്കുമെന്ന് രാജീവ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി ലഭ്യമായ ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പോര്‍ട്ടല്‍ രൂപവത്കരിക്കും. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി., വ്യവസായ ഡയറക്ടറേറ്റ്, അനുമതി ലഭിച്ച സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ എന്നിവയ്ക്ക് കീഴിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ ഇതിലുണ്ടാകും. ഇതിനു പുറമെ സ്വകാര്യമേഖലയില്‍ നിന്നും വ്യവസായത്തിനായി ഭൂമിനല്‍കാന്‍ താല്പര്യമുള്ളവരുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ഇതില്‍ നല്‍കും. വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ താല്പര്യമുള്ളവരുടെ ഭൂമിയുടെ വിവരങ്ങളും വ്യവസായങ്ങള്‍ക്കായി ഭൂമി ആവശ്യമുള്ളവരുടെ വിവരങ്ങളും തമ്മില്‍ കോര്‍ത്തിണക്കാന്‍ ഈ പോര്‍ട്ടല്‍ വഴി സാധിക്കും.
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സര്‍ക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആർ.ഹരികൃഷ്ണന്‍, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കെ-ബിപ് സി.ഇ.ഒ. സൂരജ് എസ്.നായര്‍ തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
































