കേരളത്തിൽ നിക്ഷേപവുമായി ടാറ്റ ഗ്രൂപ്പ്; മലബാർ സിമൻ്റ്സിനൊപ്പം സംയുക്ത സംരംഭം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: 100 ടണ്ണില്‍ താഴെ കേവുഭാരമുള്ള യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നതിന് ടാറ്റ എൻ്റർപ്രൈസിന് കീഴിലുള്ള ആർട്സൺ എൻജിനീയറിങ്ങും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സും ധാരണാപത്രം ഒപ്പുവെച്ചു. ഇവിടെ നിന്ന് ബോട്ടുകളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുവെന്നും അവർ അറിയിച്ചു. ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാ​ഗമായാണ് പ്രഖ്യാപനം.

രാജ്യത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ളതും ലാഭകരവുമായ മേഖലയാണ് കപ്പല്‍നിര്‍മ്മാണമെന്ന് ആര്‍ട്സണ്‍ എന്‍ജിനീയറിങ് സി.ഇ.ഒ. ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. 1 രൂപ മുടക്കിയാല്‍ 8 രൂപ തിരികെ ലഭിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗതിശക്തി പദ്ധതി വഴി ഉള്‍നാടന്‍ ജലഗതാഗതത്തിന് വന്‍ സാധ്യതകളാണ് ഉണ്ടാകുന്നത്. ഇതിനായി ചെറുയാനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കാന്‍ പോവുകയാണ്. ഈ സാധ്യതയാണ് ആര്‍ട്സണ്‍ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്നും ഝാ പറഞ്ഞു.

നിലവിലുള്ള ഭൂമിയിലാണ് കപ്പല്‍ നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നത്. നിര്‍മ്മാണകേന്ദ്രം പൂര്‍ണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മുന്നൂറിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ 7 ഏക്കര്‍ സ്ഥലം വികസന പദ്ധതികള്‍ക്കായി മലബാര്‍ സിമന്‍റ്സ് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷമായി ഇവിടെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. വര്‍ഷം തോറും വലിയൊരു തുക പാട്ടത്തുകയായി നല്‍കുന്നുമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ടാറ്റ-ആര്‍ട്സണുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചതെന്ന് മലബാര്‍ സിമന്‍റ്സ് എം.ഡി. ജെ.ചന്ദ്രബോസ് പറഞ്ഞു.

Recent Articles

Related Articles

Special