Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: തടസ്സമില്ലാതെ ബിസിനസ് ചെയ്യാനും അല്ലലില്ലാതെ ജീവിക്കാനും സാധിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഭേദമന്യേ നാടിന്‍റെ വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിനും ഒന്നിച്ചു ചേര്‍ന്ന് ശ്രമിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ദൈവത്തിന്‍റെ സ്വന്തം നാടിനെ വ്യവസായങ്ങളുടെ സ്വര്‍ഗമാക്കി മാറ്റണം.
ഇന്‍റര്‍നെറ്റ് കണക്ഷന്‍ മൗലികാവകാശമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്‍റെ ഇന്‍റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്.
പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്‍റെ വ്യവസായനയം. 3 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. എം.എസ്.എം.ഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





























