കണ്ണൂര്‍: കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായം വന്നാല്‍ കൂടുതല്‍ ശോഭനമായ തൊഴില്‍ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ വളര്‍ച്ചയ്ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് മലബാറിലേതെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സംരംഭക വര്‍ഷം പദ്ധതി പ്രകാരം ഏതാണ്ട് 2,300 കോടി രൂപയുടെ നിക്ഷേപമാണ് മലബാര്‍ മേഖലയിലുണ്ടായത്. ഇത് സമൂഹത്തില്‍ നിന്ന് തന്നെ സ്വരുക്കൂട്ടിയ നിക്ഷേപമാണെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. 50,000 ലധികം തൊഴിലവസരമാണ് ഇതു വഴി മലബാര്‍ മേഖലയില്‍ സാധ്യമായത്.
മലബാറില്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന്‍റെ 500 ഏക്കറിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത 500 ഏക്കറിന്‍റെ കൂടി ഉടന്‍ സാധ്യമാകും. പാലക്കാട് മാതൃകയില്‍ മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, എന്നിവയടങ്ങുന്ന സ്മാര്‍ട്ട് വ്യവസായ പാര്‍ക്കാണ് മട്ടന്നൂരില്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കാസറഗോഡ് പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ 100 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് കൊണ്ടു വരും. കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക്, ചീമേനി ഐ.ടി. പാര്‍ക്ക് എന്നിവയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കിനായി 31 ലൈസന്‍സ് നല്‍കി. അതില്‍ 11 എണ്ണം മലബാറിലെ 4 ജില്ലകളിലാണ്. ഫെബ്രുവരിക്ക് മുമ്പ് സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശരാശരി 100 കോടി മൊത്ത വരുമാനമുള്ള 1,000 കമ്പനികള്‍ വിഭാവനം ചെയ്യുന്ന മിഷന്‍ 1000 പദ്ധതിയില്‍ മലബാര്‍ മേഖലയ്ക്ക് കാര്യമായ സംഭാവന നല്‍കാനാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ.വി.സുമേഷ് എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. ഡയറക്ടറും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി.കെ.മായന്‍ മുഹമ്മദ്, വി.കെ.സി. ഗ്രൂപ്പ് എം.ഡി. വി.കെ.സി. റസാഖ്, വ്യവസായവകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍, ഇന്‍വസ്റ്റ് കേരള ഒ.എസ്.ഡി. പി.വിഷ്ണുരാജ്, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആർ.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ക്ലേവില്‍ പങ്കെടുത്ത പ്രതിനിധികളും മന്ത്രിയുമായി ചോദ്യോത്തരവേളയും നടന്നു.