Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായുള്ള മേഖലാ നിര്‍ദ്ദിഷ്ട കോണ്‍ക്ലേവുകളുടെ ഭാഗമായ ‘ടെക്സ്റ്റൈല്‍ കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെക്സ്റ്റൈല്‍, കൈത്തറി മേഖലയുടെ പ്രവര്‍ത്തനവും വിപണന സാധ്യതയും മെച്ചപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയുടെ ഭാഗമായി നിക്ഷേപ സാധ്യതയുള്ള മേഖലയായിട്ടാണ് ടെക്സ്റ്റൈല്‍, കൈത്തറി മേഖലകളെ കാണുന്നത്. വിപണിക്ക് ആവശ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ഉത്പന്നങ്ങള്‍ നല്‍കാന്‍ ഈ മേഖലയ്ക്ക് സാധിക്കണം. വ്യാജ ഉത്പന്നങ്ങള്‍ തിരിച്ചറിയുന്നതിന് പരിശോധന കര്‍ശനമാക്കും. കൈത്തറി മേഖല നേരിടുന്ന പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് ബദല്‍ പരിഹാരങ്ങള്‍ കൈക്കൊള്ളും. മേഖലയെ കൂടുതല്‍ ആകര്‍ഷമാക്കാനുള്ള പരിപാടികള്‍ ആലോചിക്കും.
എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യവസായ നയമാണ് കേരളത്തിന്‍റേതെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായ സംരംഭങ്ങളില്‍ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രാധാന്യം നല്‍കുന്ന. സംരംഭക വര്‍ഷത്തില്‍ കേരളത്തിലുണ്ടായ 4 ലക്ഷത്തോളം എം.എസ്.എം.ഇ. സംരംഭങ്ങളില്‍ 40 ശതമാനത്തോളം വനിതാ സംരംഭകരാണ്.
വ്യവസായ മേഖലയില്‍ നിലവില്‍ അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിന്‍റേത്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏറെ സുതാര്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് കേരളത്തിലേക്കുള്ള നിക്ഷേപസാധ്യതയ്ക്ക് ആക്കം കൂട്ടും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ വിവിധ മേഖലകളിലായി വന്‍കിട കമ്പനികളില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിക്ഷേപം കേരളം പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്ന 31 സ്വകാര്യ വ്യവസായ പാര്‍ക്കിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കി. ഫെബ്രുവരിയോടെ ഇത് 50ല്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 10 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
കൈത്തറി, ടെക്സ്റ്റൈല്‍ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായി ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം ആവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. കൈത്തറി ഉത്പന്നങ്ങളിലെ കലര്‍പ്പ് തടയുന്നതും മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതും വിപണി കണ്ടെത്തുന്നതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആർ.ഹരികൃഷ്ണന്‍, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഒ.എസ്.ഡി. പി.വിഷ്ണുരാജ്, ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ കെ.എസ്.അനില്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.