29 C
Trivandrum
Wednesday, February 5, 2025

ഇടിക്കൂട്ടിൽ താരപോരാട്ടം; പെപ്പെയും അച്ചുവും തോറ്റില്ല

കൊച്ചി: അന്തര്‍ദേശീയ പ്രൊഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും എന്ന ‘പെപ്പെ’യും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ജോണും തമ്മിലുള്ള മത്സരത്തിന് ലുലു മാളാണ് വേദിയായത്.

Follow the FOURTH PILLAR LIVE channel on WhatsApp 

കേരള ബോക്‌സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം മാളില്‍ പ്രൊഫഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. 13 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ഏറ്റവും ആവേശം നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റുമുട്ടിയ മത്സരമായിരുന്നു. വാശിയേറിയ മത്സരത്തില്‍ രണ്ടുപേരേയും വിജയികളായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചു.

ആന്റണി വര്‍ഗീസിന്റെ റിലീസിനൊരുങ്ങുന്ന ദാവീദ് സിനിമയുടെ ജേഴ്‌സിയണിഞ്ഞാണ് താരവും അച്ചു ബേബി ജോണും റിങ്ങിലെത്തിയത്. ബോക്‌സിങ് പ്രമേയമായി എത്തുന്ന ദാവീദില്‍ പെപ്പെയ്ക്കൊപ്പം അച്ചുവു ആദ്യമായി അഭിനയത്തിലേക്ക് ചുവടുവെയ്ക്കുകയാണ്.

സിനിമയില്‍ നിന്ന് വ്യത്യസ്തമായ മത്സരമാണ് റിങ്ങില്‍ അരങ്ങേറിയത്. രണ്ടാം റൗണ്ടിന്റെ അവസാനഘട്ടത്തില്‍ പെപ്പെയുടെ പഞ്ചില്‍ അച്ചുവിന് വയറ്റിന് ഇടിയേറ്റു. ഇടിയുടെ ആഘാതം കൂടിയതോടെ റഫറി ഇടപെട്ടു. പിന്നാലെ എതിര്‍വിഭാഗം എന്നത് മറന്ന് പെപ്പെ അച്ചുവിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. 4 റൗണ്ട് മത്സരം വിധികര്‍ത്താക്കള്‍ തുടര്‍ന്ന് 4 റൗണ്ടാക്കി ചുരുക്കി.

ഒരു മലയാളി സിനിമാതാരം ആദ്യമായി പ്രൊഫഷണല്‍ ബോക്‌സിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രത്യേകത കൂടി ലുലു വേദിയായ മത്സരം സാക്ഷിയായി. അന്തര്‍ദേശീയ തരത്തില്‍ മാറ്റുരച്ച പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന്‍ താരം താരീഖ് ഖുറാനും ഇന്ത്യന്‍ താരം ഇമ്രാനും തമ്മില്‍ നടന്ന മത്സരം ആവേശമായി മാറി. വനിതാ വിഭാഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോക്‌സിങ് താരങ്ങളായ രഞ്ജന, ശ്വേത എന്നിവര്‍ ഏറ്റുമുട്ടി.

13 വിഭാഗങ്ങളിലും വ്യത്യസ്ത മത്സരങ്ങള്‍ അരങ്ങേറി. 4 റൗണ്ട് , 6 റൗണ്ട് എന്നിങ്ങനെ ഇടിയുടെ പഞ്ചില്‍ പോയിന്റ് കണക്ക് കൂട്ടിയാണ് ബോക്‌സിങ്ങിന്റെ വിധിനിര്‍ണയം നടന്നത്. തമിഴ്‌നാട് സ്വദേശിയായ തിരുച്ചെല്‍വം, തിരുവനന്തപുരം സ്വദേശി വിഷ്ണു, ശ്രാവണ്‍ ദാസ് തുടങ്ങിയവര്‍ മത്സരത്തില്‍ മെഡലുകൾ സ്വന്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks