ചെന്നൈ: ‘നയന്‍താര: ബിയോണ്ട് ദ ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നല്‍കിയ പകര്‍പ്പവകാശലംഘന ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി 5ന് പരിഗണിക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി. അനുമതിയില്ലാതെ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരായ ഹര്‍ജിയാണ് പരിഗണിക്കുക.
ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്‍, വിഘ്‌നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്ലിക്‌സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ് എന്നിവര്‍ക്കെതിരേ ധനുഷും കെ.രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണം.
നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള കേസ് തള്ളണമെന്നായിരുന്നു നെറ്റ്ഫ്ലിക്‌സിന്റെ ആവശ്യം. 2020ല്‍ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്ലിക്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പാര്‍ഥസാരഥി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഡോക്യുമെന്ററി പുറത്തിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതിക്കാരന്‍ ഹര്‍ജിയുമായെത്തിയതെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, ചിത്രത്തിന്റെ സെറ്റില്‍ എല്ലാ കഥാപാത്രങ്ങളുടേയും അവര്‍ ധരിച്ച വസ്ത്രങ്ങളുടേയുംവരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നായിരുന്നു ധനുഷിന്റെ നിര്‍മാണ കമ്പനിയുടെ വാദം. ഇതടക്കം പരിഗണിച്ചാണ് നെറ്റ്ഫ്ലിക്‌സിന്റെ ഹര്‍ജി തള്ളിയത്.