Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: നടന്‍ ടൊവിനോ തോമസുമായുള്ള പിണക്കത്തിലാണെന്ന് നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷനിലായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നുപറച്ചില്‍. പിന്നാലെ, സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച ആരെയെങ്കിലും നോക്കുകൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാവരോടും മാപ്പപേക്ഷിക്കുകയാണെന്ന് ടൊവിനോ പ്രതികരിച്ചു.
‘സിനിമയാവുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. ഞങ്ങളിപ്പോള്‍ ചെറിയ പിണക്കത്തിലാണ്. കുട്ടിക്കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ പിണങ്ങും. സിനിമയോട് അത്രയും പാഷന്‍ ഉള്ള ആളാണ് ടൊവിനോ. നിസ്സാരകാര്യങ്ങള്‍ക്ക് പോലും പിണങ്ങും. അപ്പോള്‍ത്തന്നെ അത് മാറുന്ന ഇണക്കവും പിണക്കവുമെല്ലാമുള്ള ആളാണ്. ഈഗോ നോക്കാത്ത ആളാണ് ടൊവിനോ. 7 മണിക്ക് നടക്കുന്ന എന്റെ കൊച്ചിന്റെ ഒരുപരിപാടിക്ക് വൈകീട്ട് 5 മണിക്ക് വിളിച്ചപ്പോള്‍ വന്ന ആളാണ്. 1 മണിക്ക് നടക്കുന്ന ഒരുസ്‌കൂളിന്റെ പരിപാടിക്ക് 12.30ന് വിളിച്ചപ്പോള്‍ വന്നു. ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സിനിമയ്ക്കുള്ളില്‍ മാത്രമാണെന്ന് ടൊവിനോയോട് പറയുകയാണ്’-ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. പിന്നാലെ വേദിയില്‍ വെച്ച് ടൊവിനോ ലിസ്റ്റിനെ ആലിംഗനം ചെയ്തു.
‘എല്ലാവരും ഭയങ്കര ആഗ്രഹമുള്ളവരാണ്. എന്റെ സിനിമ ഏറ്റവും മികച്ചതായി അവതരിപ്പിക്കാനേ ഞാന്‍ നോക്കുകയുള്ളൂ. പല ഭാഷകളില്‍ ഇനിയും പബ്ലിസിറ്റിയോടെ ഈ സിനിമ വരണമെന്ന് ടൊവിനോയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നെക്കൊണ്ട് ചിലപ്പോള്‍ അത്രയും എത്തിക്കാന്‍ സാധിച്ചുകാണില്ല. അത് അങ്ങനെ ആണെങ്കില്‍ ടൊവിനോയോട് ഞാന്‍ സോറി പറയുകയാണ്, ഒന്നും തോന്നരുത്’-ലിസ്റ്റിന്‍ തുടര്‍ന്നു.
‘ഞാന്‍ ചിലപ്പോള്‍ ആളുകളോട് പിണങ്ങുന്നത് നിസ്സാരകാര്യങ്ങള്‍ക്കായിരിക്കാം. അത് അത്രയും നിസ്സാരപിണക്കങ്ങളായി കണക്കാക്കേണ്ടതാണെന്ന് അറിയിച്ചുകൊള്ളുന്നു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ്, എന്തിനാണ് പിണങ്ങിയത് എന്നുതന്നെ ഞാന്‍ മറക്കും. പിണക്കങ്ങളൊന്നും ശാശ്വതമല്ല, താത്കാലികമാണ്. പ്രത്യേകിച്ച് സിനിമകള്‍ വിജയിക്കുന്ന സമയം പിണക്കങ്ങള്‍ മാറാനുമുള്ളതാണ്. സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച ആരെയെങ്കിലും ഞാന്‍ നോക്കുകൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാവരോടും മാപ്പപേക്ഷിക്കുകയാണ്’ -ടൊവിനോയുടെ പ്രതികരിച്ചു.