Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം നൽകാൻ തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ ഈ മാസം തന്നെ പൂർത്തിയാക്കും.
സാധാരണ നിലയിൽ ഒരാളെ കാണാതായാൽ 7 വർഷത്തിനുശേഷമാണ് മരിച്ചതായി കണക്കാക്കുക. ഇതിൽ മാറ്റം വരുത്തിയാണ് സർക്കാർ മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കുന്ന പ്രക്രിയ നടപ്പാക്കുന്നതെന്ന് റവന്യു മന്ത്രി കെ.രാജൻ വ്യക്തമാക്കി.
ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് ദുരന്തനിവാരണ വകുപ്പ് നിർദ്ദേശം നൽകി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രൂപവത്കരിക്കും. പ്രാദേശിക തലത്തിൽ കാണാതായവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് കാണാതായവരെക്കുറിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പരിശോധിച്ച് കണ്ടുകിട്ടിയിട്ടില്ല എന്നുറപ്പിക്കണമെന്നും ഇതിനായി പ്രാദേശിക തലത്തിൽ വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുകയും ചെയ്യണമെന്നും സർക്കാർ അറിയിച്ചു. പ്രാദേശികതല സമിതി തയ്യാറാക്കുന്ന പട്ടികയ്ക്ക് സംസ്ഥാന തല സമിതി അന്തിമ രൂപം നൽകും.
ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷവും ചേർത്ത് 6 ലക്ഷം രൂപയുടെ ധനസഹായമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്നത്. ഇതിന് കാണാതായവരുടെ കുടുംബങ്ങളും ഇനി അർഹതപ്പെട്ടവരാകും.