പെരിയ കേസ്: ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച പ്രതികൾ പുറത്തിറങ്ങി, സ്വീകരണം

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച 4 പ്രതികള്‍ ജയിലില്‍നിന്ന് മോചിതരമായി. മുന്‍ എം.എല്‍.എ. അടക്കമുള്ള സി.പി.എം. നേതാക്കളായ പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത് പാര്‍ട്ടി സ്വീകരണം നല്കി.

ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം. കാസറഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, ഉദുമ ഏരിയ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍, പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, പനയാല്‍ ബാങ്ക് മുന്‍ സെക്രട്ടറി കെ.വി.ഭാസ്‌കരന്‍ എന്നിവരാണ് ജയിൽ മോചിതരായത്. കൊലക്കേസ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് സി.ബി.ഐ. ഇവരുടെ മേൽ ചുമത്തിയത്. എറണാകുളം സി.ബി.ഐ. കോടതി ഇവരെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് ഹൈക്കോടതി മരവിപ്പിച്ചു.

പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് കെ.വി.കുഞ്ഞിരാമന്‍ പറഞ്ഞു. സി.പി.എമ്മിനെതിരായി കെട്ടിപ്പൊക്കി വന്ന നുണയുടെ വലിയ ഒരു കോട്ട ആണ് ഹൈക്കോടതി നിലപാടോടുകൂടി പൊളിഞ്ഞത്. ഈ കേസില്‍ തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത ശിക്ഷയാണ് ലഭിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളെ അറിയാവുന്നത് കൊണ്ട് പാര്‍ട്ടിക്ക് ഞങ്ങള്‍ നിരപരാധികളാണെന്ന് ഉറച്ചവിശ്വാസമുണ്ട്. സി.പി.എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ പ്രതിചേര്‍ക്കപ്പെട്ടത്. അതുകൊണ്ട് തന്നെ മോചനം നേടി വരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിനല്‍കുന്നതില്‍ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും വലിയ സഹായവും പിന്തുണയും നല്‍കി. കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം ആത്മവിശ്വാസം നല്‍കി. ഈ പ്രതിസന്ധി അതിജീവിക്കാന്‍ ഞങ്ങളെ സഹായിച്ച എല്ലാ നേതാക്കളോടും നന്ദിയുണ്ട്’ -കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു.

സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കാസറഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, മുതിർന്ന നേതാവ് പി.ജയരാജൻ എന്നിവരടക്കമുള്ള നേതാക്കൾ ജയിൽമോചിതരാവുന്നവരെ സ്വീകരിക്കാനെത്തിയിരുന്നു. കേസിന്റെ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താനായി എന്ന് എം.വി.ജയരാജന്‍ പറഞ്ഞു. വലതുപക്ഷ മാധ്യങ്ങള്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്ന് പി.ജയരാജനും കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് സി.ബി.ഐ. നിര്‍വഹിച്ചതെന്ന് പി.ജയരാജന്‍ പ്രതികരിച്ചു. സി.ബി.ഐ. നിഷ്പക്ഷമായി അന്വേഷണം നടത്തുന്ന ഏജന്‍സിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special