29 C
Trivandrum
Thursday, February 6, 2025

4 വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന്‍റെ മിഷന്‍ 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Follow the FOURTH PILLAR LIVE channel on WhatsApp 

അടുത്ത 4 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1000 എം.എസ്.എം.ഇ. സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുണ്ടാക്കുന്നതിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണ് മിഷന്‍ 1000. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 3 വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളില്‍ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഐ.ടി. സേവനമേഖലയ്ക്കപ്പുറം മറ്റ് സാങ്കേതിക കമ്പനികള്‍ കൂടി കേരളത്തിലേക്ക് വരാന്‍ താത്പര്യം കാണിക്കുകയാണ്. വലിയ വ്യവസായങ്ങള്‍ക്ക് ഇനി കേരളത്തില്‍ പ്രസക്തിയില്ലെങ്കിലും വലിയ വ്യവസായങ്ങള്‍ക്കുള്ള സാങ്കേതിക സേവനം നല്‍കുന്ന കമ്പനികള്‍ക്ക് കേരളം ഇഷ്ട സ്ഥലമായി മാറിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ, ജെനറേറ്റീവ് എ.ഐ., മെഷീന്‍ ലേണിങ് തുടങ്ങിയ സാങ്കേതികവിദ്യയുടെ ഹബ്ബായി കേരളം മാറുകയാണ്. ഹെല്‍ത്ത് കെയര്‍ സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ തന്നെ പ്രധാന ഉത്പാദകര്‍ കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷന്‍ 1000 സംസ്ഥാന സര്‍ക്കാരിന് എം.എസ്.എം.ഇ. സംരംഭകരിലെ വിശ്വാസമാണ് കാണിക്കുന്നത്. ആദ്യ ഘട്ടമായി 260 സംരംഭകരെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ വിധ സഹായങ്ങളും വ്യവസായവകുപ്പ് വാഗ്ദാനം ചെയ്യുന്നു. ആദ്യം 100 കോടി വരുമാനം നേടുന്ന സംരംഭത്തിന് പുരസ്ക്കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രകടനം വിലയിരുത്തിയാണ് 1000 സംരംഭങ്ങളെ തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് വ്യവസായം വിപുലീകരിക്കുന്നതിന് വിവിധ ആനുകൂല്യങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ നിരക്കിന്‍റെ 50 ശതമാനം വരെ പലിശ ഇളവ്, സ്കെയില്‍ അപ്പ് ചെയ്യുന്നതിനുള്ള ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം -ഒരു സംരംഭത്തിന് 1 ലക്ഷം രൂപ വരെ- എന്നിവ നല്‍കും. തിരഞ്ഞെടുത്ത ഓരോ സംരംഭങ്ങള്‍ക്കും അവരുടെ വിവിധ വിപുലീകരണ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ വ്യവസായ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.

ഉദ്യം രജിസ്ട്രേഷനുള്ള, 3 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള, ഉത്പാദന-സേവന മേഖലയിലുള്ള സംരംഭങ്ങള്‍ക്കാണ് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ളത്. ഇതിനു വേണ്ടി പ്രത്യേകമായി ആരംഭിച്ച വെബ്പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വിവിധ പരിശോധനകള്‍ക്ക് ശേഷം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന തല അംഗീകാര സമിതിയാണ് അംഗീകാരം നല്‍കുന്നത്.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ഡയറക്ടര്‍മാരായ ജി.രാജീവ്, ഡോ.കെ.എസ്.കൃപകുമാര്‍, എസ്.എൽ.ബി.സി. കണ്‍വീനര്‍ കെ.എസ്.പ്രദീപ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം.റിയാസ്, കെ.എസ്.എസ്.ഐ.എ. വൈസ് പ്രസിഡന്‍റ് പി.ജെ.ജോസ്, ഫിക്കി കേരള ഹെല്‍ത്ത് കമ്മിറ്റി ചെയര്‍ ബിബു പുന്നാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എസ്.ഐ.ഡി.സി. ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് കുര്യന്‍ മുണ്ടയ്ക്കല്‍, എസ്.ബി.ഐ. ചീഫ് മാനേജര്‍ ജിജു മോഹന്‍, കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ കെ.എസ്.ജോജോ എന്നിവര്‍ വിവിധ പദ്ധതികളെക്കുറിച്ച് അവതരണം നടത്തി.

ഉച്ചയ്ക്ക് ശേഷം നടന്ന സാങ്കേതിക സെഷനില്‍ എം.എസ്.എം.ഇ. ഡി.എഫ്.ഒ. അസിസ്റ്റൻ്റ് ഡയറക്ടര്‍ കെ.രേഖ, തോട്ട്മൈന്‍ഡ്സ് സഹസ്ഥാപകന്‍ കെ.എൻ.റിനീഷ്, ഇന്‍ഡീയ സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ രാഹുല്‍ കോറോത്ത്, സി.എസ്.ഐ.ആര്‍.-എൻ.ഐ.ഐ.എസ്.ടി. സീനിയര്‍ സയന്‍റിസ്റ്റ് ആര്‍.എസ്.പ്രവീണ്‍ രാജ്, പി.എ. ഫുട്വെയര്‍ വൈസ് ചെയര്‍മാന്‍ ചിന്നസ്വാമി അന്‍പുമലര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks