Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂര്‍ : കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍.എസ്.എസ്.- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി. 19 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
കേസില്‍ മൊത്തം 10 പ്രതികളാണുള്ളത്. ഇവര്‍ മുഴുവന്‍ പേരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 3ാം പ്രതി കോത്തല താഴെവീട്ടില്‍ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള 9 പേരും കൊലപാതകത്തിൽ കുറ്റക്കാരാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി.വി.സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ.ടി.ജയേഷ്, വടക്കേ വീട്ടില്‍ വി.വി.ശ്രീകാന്ത്, പുതിയപുരയില്‍ പി.പി.അജീന്ദ്രന്‍, ഹൈവേ അനിൽ എന്ന ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി.അനില്‍കുമാര്‍, പുതിയ പുരയില്‍ പി.പി.രാജേഷ്, ചാക്കുള്ള പറമ്പില്‍ സി.പി.രഞ്ജിത്ത്, വടക്കേ വീട്ടില്‍ വി.വി.ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി.വി.ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.
കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
2005 ഒക്ടോബര്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 9ന് സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന 26കാരനായ റിജിത്തിനെ ആർ.എസ്.എസ്.-ബി.ജെ.പി പ്രവര്‍ത്തകര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അന്ന് റിജിത്തിനൊപ്പമുണ്ടായിരുന്ന കെ.വി.നികേഷ്, ചിറയില്‍ വികാസ്, കെ.വിമല്‍ എന്നിവർക്കും പരുക്കറ്റു.