തിരുവനന്തപുരം: അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയതിന് ഇതുവരെ സസ്പെൻഷനിലായത് 122 സർക്കാർ ജീവനക്കാർ. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ ജീവനക്കാരാണ് ഇപ്പോൾ സസ്‌പെന്‍ഷനിലായത്. സസ്‌പെൻഡ് ചെയ്തവരിൽ നിന്ന് കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് ഈ പട്ടികയിലുള്ളത്. പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ 4 ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
റവന്യു വകുപ്പില്‍ 34 പേര്‍ക്കെതിരെ സർക്കാർ നടപടിയെടുത്തു. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഉൾപ്പടെ 4 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ മാത്രം അനർഹമായി കൈപ്പറ്റിയത് 10,46,400 രൂപയാണ്.
വിവിധ സർക്കാർ വകുപ്പുകളിലായുള്ള 1,458 ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ അതത് സർക്കാർ വകുപ്പുകള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ 6 ജീവനക്കാരെ നേരത്തെ ഇതേ കാരണത്താൽ സസ്‌പെന്‍ഡ് ചെയ്തിരുന്നു.