കൊച്ചി: തൃപ്പൂണ്ണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിനെപ്പറ്റി ഹൈക്കോടതിയുടെ രൂക്ഷവിമർശം. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്രത്തിൽ നടന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് ക്ഷേത്രത്തിനെതിരേ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രൂക്ഷവിമർശമുന്നയിച്ചത്.
കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിക്കെതിരേ വനംവകുപ്പും കേസെടുത്തിരുന്നു. 15 ആനകളെയാണ് ക്ഷേത്രത്തിലെ ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. ഈ ആനകൾ തമ്മിൽ 3 മീറ്റർ അകലവും ആളുകളും ആനകളും തമ്മിൽ 8 മീറ്റർ അകലവും പാലിക്കണമെന്ന ഹൈക്കോടതിയുടെ മാർഗനിർദേശം ക്ഷേത്രം ലംഘിച്ചെന്ന പേരിലായിരുന്നു കേസ്. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയും വിഷയത്തിൽ വീണ്ടും ഇടപെട്ടത്. ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് മുൻനിർത്തിയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
സുരക്ഷ മുൻനിർത്തിയാണ് മാർഗനിർദേശങ്ങൾ നൽകിയതെന്ന് മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും സാമാന്യ ബുദ്ധി പോലുമില്ലേ എന്നും ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു.