മൂന്നര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കേരളത്തിലെ വ്യവസായ മേഖല ഏറ്റവുമധികം നേട്ടങ്ങള്‍ സൃഷ്ടിച്ച കാലമാണിതെന്നും മൂന്നര വര്‍ഷത്തിനുള്ളില്‍ 44,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനകത്തു നിന്നു മാത്രം ആകര്‍ഷിക്കാനായെന്നും വ്യവസായ മന്ത്രി പി.രാജീവ്. 2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപം നടത്തുന്ന സംരംഭകര്‍ക്കായി സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2021നു ശേഷം ഒരു കോടി രൂപയ്ക്കു മുകളിലായി മുടക്കുമുതലുള്ള 696 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 203 സംരംഭങ്ങള്‍ 100 കോടിക്കു മുകളില്‍ നിക്ഷേപിച്ചവയാണ്. 15,925.89 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ ആകെ ആകര്‍ഷിക്കാനായത്.

2022-23 സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി 3,43,083 സംരംഭങ്ങള്‍ ആരംഭിക്കാനും 21,299 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും 7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുമായി. ഇതില്‍ 31 ശതമാനം വനിതാ സംരംഭകരാണ്. വലിയ നിക്ഷേപമുള്ള കമ്പനികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും സമാനമായ പുരോഗതിയാണ് ഈ കാലയളവില്‍ സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. നിരവധി വിദേശ കമ്പനികളും നിക്ഷേപത്തിനു തയ്യാറായി കേരളത്തിലേക്കു വരുന്നുണ്ട്. ഈ അനുകൂല സാഹചര്യം കൂടുതല്‍ പ്രയോജനപ്പെടുത്തി, നിക്ഷേപ സാധ്യതയുള്ള പുതിയ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമായതിന്‍റെ ഗുണപരമായ മാറ്റം സംസ്ഥാനത്തെ വ്യവസായ മേഖലയിലാകെ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2023ലെ സംസ്ഥാന വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായുള്ള നടപടികള്‍ മുന്നോട്ടുപോകുന്നു. ഇത്തരം അനുകൂലമായ വ്യവസായികാന്തരീക്ഷത്തിലാണ് അടുത്ത വര്‍ഷം ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനം നടക്കാനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ്, സെക്ടര്‍ മീറ്റ്, റോഡ് ഷോ തുടങ്ങിയ പരിപാടികള്‍ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കും.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേന്ദ്ര റാങ്കിങ്ങില്‍ കേരളം നേടിയ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും സംരംഭകര്‍ കേരളത്തിലെ വ്യവസായ മേഖലയുടെ അംബാസഡര്‍മാരായി മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നിരവധി ആകര്‍ഷകമായ സബ്സിഡികളും പ്രോത്സാഹനങ്ങളുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പുതിയ സംരംഭകര്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. സാധ്യതയുള്ള എല്ലാ മേഖലകളില്‍ നിന്നും സംരംഭങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതു പോലെത്തന്നെ പ്രധാനമാണ് അതിന്‍റെ ഭാവിയെന്നും അതിനെ പിന്തുണയ്ക്കുന്ന നടപടികളാണ് സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും സംരംഭകര്‍ക്ക് നല്‍കി വരുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ സി.ബാലഗോപാല്‍ പറഞ്ഞു.

കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോര്‍, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.എസ്.കൃപകുമാര്‍, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലിപ്പിന്‍ റോയ് എല്‍ഡി എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

കേരളത്തിലെ 100 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപം നടത്തുന്ന വിവിധ മേഖലകളിലുള്ള 250 സംരംഭകര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. പുതിയ നിക്ഷേപ സാധ്യതകളെയും മേഖലകളെയും കുറിച്ച് വ്യവസായ സംരംഭകര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പില്‍ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്നു. ഇതുമായി ബന്ധപ്പെട്ട പരിഹാര മാര്‍ഗങ്ങളെ സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് സംരംഭകര്‍ക്ക് മറുപടി നല്‍കി.

Recent Articles

Related Articles

Special