29 C
Trivandrum
Tuesday, February 11, 2025

പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല, സി.ബി.ഐ. വരണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ

കൊച്ചി/കണ്ണൂർ: എ.ഡി.എം. ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു.

പ്രതിക്ക് ഭരണതലത്തിൽ വലിയ ബന്ധമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സി.പി.എം. നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

ഗുരുതരമായ ആരോപണമാണ് കുടുംബം ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പെട്ടെന്ന് പൂർത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുൻപ് ഇൻക്വസ്റ്റ് നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു.

നവീൻ ബാബുവിന്റെ മരണത്തിലെ നിർണായക തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയിൽ മറ്റൊരു ഹരജി നൽകിയത്.

പ്രധാനമായും പി.പി.ദിവ്യയുടെയും, സാക്ഷികളുടെയും ഫോൺ കോൾ രേഖകൾ, കളക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണ് ഹരജി നൽകിയത്. ഈ ഹരജിയിൽ അടുത്ത ഡിസംബർ മൂന്നിന് വിധി പറയും.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks