Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ടൂറിസം സംരംഭങ്ങള്‍ക്കുള്ള വിവിധ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്.ഐ.ഡി.സി. സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രത്യേക സമ്മേളനത്തിലാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്.
ടൂറിസം മേഖലയില്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാനുള്ള തീവ്രപരിശ്രമത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പറഞ്ഞു. മറ്റ് വ്യവസായങ്ങള്‍ക്കെന്ന പോലെ ടൂറിസം സംരംഭങ്ങളുടെ വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം ആവശ്യമാണ്. നിലവില്‍ ടൂറിസം വകുപ്പില്‍ നിന്ന് ലെയ്സണ്‍ സംവിധാനമാണ് നിലവിലുള്ളത്. ഇത് സ്ഥിരമാക്കി ഏകജാലക സംവിധാനത്തിന് കീഴിലാക്കണം.
ടൂറിസം മേഖലയിലെ നിക്ഷേപത്തിനായി മാത്രം പ്രത്യേക സംഗമം കേരളം നടത്തിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്‍വസ്റ്റ്മന്‍റ് ഡെസ്ക് പ്രവര്‍ത്തിക്കുന്നതുണ്ട്. ഇതിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയുള്ള ഏകീകൃത സംവിധാവും ഉടന്‍ തയ്യാറാവുമെന്ന് മന്ത്രി അറിയിച്ചു.
ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സിന് ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ തുടങ്ങാനാകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഉറപ്പ് നല്‍കി. പഞ്ചായത്തുകളുടെ അനുമതിയ്ക്കായും നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി ടൂറിസം സംരംഭങ്ങളെ ബന്ധിപ്പിക്കാനാകും.
കേരളത്തില്‍ ഏറ്റവുമധികം നിക്ഷേപസാധ്യതയുള്ള മേഖലയാണ് ടൂറിസം. ചുരുങ്ങിയ നിക്ഷേപത്തില്‍ ഏറ്റവുമധികം തൊഴിലവസരം ഈ മേഖലയ്ക്ക് സൃഷ്ടിക്കാനാവും. നവീന ആശയങ്ങളും പുതിയ ഉത്പന്നങ്ങളും ടൂറിസം മേഖലയില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സംരംഭകര്‍ ശ്രമിക്കണം. എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പുതിയ വ്യവസായനയത്തെക്കുറിച്ചും ആഗോള നിക്ഷേപ ഉച്ചകോടിയെക്കുറിച്ചും പ്രത്യേക അവതരണം നടത്തി. കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ സി ബാലഗോപാല്‍, എം.ഡി. എസ്.ഹരികിഷോര്‍, കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ഹരികൃഷ്ണന്‍, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും സമ്മേളനത്തില്‍ നടന്നു. വ്യവസായവകുപ്പ് സംരംഭകര്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കുന്ന ഇളവുകളെയും അനുമതികളിലെ നടപടിക്രമങ്ങളെയും കുറിച്ച് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ അവബോധം നല്‍കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ടൂറിസം മേഖലയിലെ നൂതന ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് എല്ലാ വകുപ്പുകളുടെയും പിന്തുണ ആവശ്യമാണെന്നും പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
കെ.ടി.ഐ.എല്‍. എം.ഡി. ഡോ.മനോജ് കുമാര്‍ കിനി, കോണ്‍കോഡ് എക്സോട്ടിക് വോയേജസ് എം.ഡി. ജെയിംസ് കൊടിയന്തറ, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ് എം.ഡി. യു.സി.റിയാസ് , സി.ജി.എച്. എര്‍ത്ത് എം.ഡി. ജോസ് ഡൊമനിക്, കേരള ടൂറിസം കൊ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് സജീവ് കുറുപ്പ്, കെ.ടി.ഡി.സി. മുന്‍ എം.ഡി. ആർ.രാഹുല്‍ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്.