പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നു വ്യക്തമാക്കി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സരിന്‍ മനുഷ്യത്വമുള്ള വ്യക്തിയാണെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
പാലക്കാട് പ്രചാരണത്തിലെ സന്ദീപ് വാര്യരുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചത്.
വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നും തനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പാര്‍ട്ടി മാത്രം കൂടെ നിന്നില്ലെന്നും സന്ദീപ് തുറന്നടിച്ചു.
സി. കൃഷ്ണകുമാറിന് വിജയാശംസകള്‍ നേരുന്നുണ്ടെങ്കിലും തന്റെ അമ്മ മരിച്ച സമയത്ത് അദ്ദേഹം വീട്ടില്‍ വന്നില്ല എന്നും സന്ദീപ് പറയുന്നു. ഒരു ഫോണ്‍കോളില്‍ പോലും നേതൃത്വത്തിലാരും ആശ്വസിപ്പിച്ചില്ല.
അമ്മയുടെ വിയോഗവേളയില്‍ എത്തിയ മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളുടെ പേരുകള്‍ സന്ദീപ് എടുത്തുപറയുന്നുമുണ്ട്. ‘ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു’ -സന്ദീപ് എടുത്തു പറയുന്നുണ്ട്. പോസ്റ്റില്‍ സന്ദീപ് അനുകൂലിക്കുന്നതായി ധ്വനിപ്പിച്ച സ്ഥാനാര്‍ത്ഥി സരിനാണ്.
തനിക്കൊപ്പം യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചുവെന്ന കൃഷ്ണകുമാറിന്റെ വാദത്തെയും സന്ദീപ് തള്ളി. തങ്ങള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.