Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂര്‍: കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പേര് സി.പി.എമ്മുമായി ചേര്‍ത്ത് പറഞ്ഞതില്‍ സഹതാപമെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊടകര കുഴല്‍പണക്കേസില്‍ തനിക്കെതിരെ നുണപ്രചരണം തുടര്‍ന്നാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടി വരുമെന്ന് പറഞ്ഞ സതീഷ് ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ഡിസംബര്‍ മാസം സംഘടനാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സമയം ഇക്കാര്യം പറഞ്ഞാല്‍ തനിക്ക് ഗുണം ഉണ്ടാകുമെന്നും ശോഭ പുറഞ്ഞിരുന്നുവെന്ന് തിരൂര്‍ സതീഷ് ആരോപിക്കുന്നു. തുറന്ന് പറഞ്ഞാല്‍ തനിക്ക് അധ്യക്ഷ സ്ഥാനം കിട്ടിയാലോ എന്നും ശോഭ പറഞ്ഞിരുന്നുവെന്ന് സതീഷ് പറയുന്നു.
കള്ളപ്പണക്കാര്‍ എന്തിനാണ് കെ.സുരേന്ദ്രനെ വിളിക്കുന്നതെന്ന് സതീഷ് ചോദിച്ചു. ധര്‍മ്മരാജന്‍ നേരത്തെ പണമെത്തിച്ചപ്പോള്‍ ഒരു കോടി സുരേന്ദ്രന് നല്‍കി. ധര്‍മ്മരാജന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. കണ്ട കാര്യങ്ങള്‍ പറയേണ്ടി വന്നാല്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരുമെന്നും തിരൂര്‍ സതീഷ് മുന്നറിയിപ്പ് നല്‍കുന്നു.