Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എ.ഡി.ജി.പി. -ആർ.എസ്.എസ്. ചർച്ചയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നല്കി സർക്കാർ. കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തിന്റെ തുടർച്ചയായി സഭയിൽ സംഘർഷമുണ്ടാക്കിയ നാലു പ്രതിപക്ഷ എം.എൽ.എമാരെ താക്കീതു ചെയ്തു.
തുടർച്ചയായ രണ്ടാം ദിവസമാണ് അടിയന്തര പ്രമേയ ചർച്ചയ്ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെയാകും ചർച്ച.
മലപ്പുറം വിഷയത്തിൽ തിങ്കളാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാനും സർക്കാർ തയ്യാറായിരുന്നു. എന്നാൽ പ്രതിപക്ഷബഹളം കാരണം ചർച്ച നടക്കാത്ത സ്ഥിതിയായി. പ്രതിപക്ഷം ഒളിച്ചോടിയെന്ന് ഭരണപക്ഷം ആരോപിച്ചു.
സഭയിൽ സംഘർഷമുണ്ടാക്കിയ മാത്യു കുഴൽനാടൻ, ഐ.സി.ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി.രാജേഷാണ് അവതരിപ്പിച്ചത്. ഇവർ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തുകയും ഡയസിലേക്കു തള്ളിക്കയറുകയും ചെയ്തിരുന്നു.