29 C
Trivandrum
Friday, January 17, 2025

ഗോദയിലേക്കു മടങ്ങുമെന്ന സൂചന നല്കി വിനേഷ്

ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നു പിന്മാറി ഗുസ്തി മത്സരവേദിയിലേക്കു മടങ്ങിയെത്തുമെന്ന സൂചന നല്കി വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സിനു ശേഷം തിരിച്ചെത്തിയ അവര്‍ തന്റെ ഗ്രാമവാസികളോടു സംസാരിക്കുമ്പോഴാണ് ഇതു പറഞ്ഞത്.

Follow the FOURTH PILLAR LIVE channel on WhatsApp 

പാരീസ് ഒളിമ്പിക്സില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് മെഡല്‍ നഷ്ടമായപ്പോള്‍ താന്‍ ഗുസ്തി നിര്‍ത്തുകയാണെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ഉജ്ജ്വല സ്വീകരണമാണു ലഭിച്ചത്. ഡല്‍ഹി വിമാനത്താവളത്തില്‍ തുടങ്ങിയ സ്വീകരണം 20ഓളം കേന്ദ്രങ്ങളില്‍ തുടര്‍ന്നു. ഇതിലെല്ലാം പങ്കെടുത്ത് വിനേഷ് ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ സ്വന്തം ബാലാലി ഗ്രാമത്തിലെത്തിയപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. അപ്പോഴും തങ്ങളുടെ പ്രിയ താരത്തെ കാത്ത് നൂറു കണക്കിന് ഗ്രാമീണര്‍ ഉറക്കമിഴിച്ച് അവിടെ തടിച്ചുകൂടിയിരുന്നു.

‘ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മുറിവ് ഉണക്കാന്‍ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ സഹ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും എന്റെ ഗ്രാമത്തില്‍ നിന്നും എന്റെ കുടുംബാംഗങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്നേഹം, ഈ മുറിവ് ഉണക്കാന്‍ എനിക്ക് കുറച്ച് ധൈര്യം ലഭിക്കും. ഒരുപക്ഷേ, എനിക്ക് ഗുസ്തിയിലേക്ക് മടങ്ങാം. ഞാന്‍ ഗുസ്തി പിന്തുടരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന് എനിക്ക് ലഭിച്ച ധൈര്യം, അത് ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം ജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ വിനേഷ് തന്റെ ഗ്രാമത്തിലുള്ളവരോട് പറഞ്ഞു.

അവശയായ വിനേഷിന് സംസാരിക്കുന്നതിനിടെ ഒ.ആര്‍.എസ്. ലായനി നല്‍കുന്നുണ്ടായിരുന്നു. എല്ലാ അംഗീകാരങ്ങള്‍ക്കും താന്‍ അര്‍ഹയാണോ അല്ലയോ എന്ന് ഇപ്പോഴുമറിയില്ല. പക്ഷേ, ഈ ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

‘എന്റെ ഗ്രാമം എനിക്ക് നല്‍കിയിട്ടുള്ള സ്നേഹത്തിന്റെ കടം തീര്‍ക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. സ്ത്രീകളുടെയും ഈ ഗ്രാമത്തിന്റെയും അഭിമാനത്തിനായി ഞാന്‍ എപ്പോഴും പോരാടുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഗ്രാമത്തില്‍ നിന്നുള്ള ആരെങ്കിലും എന്റെ പാരമ്പര്യം പിന്തുടരുകയും എന്റെ റെക്കോഡുകള്‍ തകര്‍ക്കുകയും ചെയ്യണമെന്ന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ നാടിന്റെ, മണ്ണിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. എന്റെ ഗ്രാമത്തിലെ വനിതാ ഗുസ്തിക്കാരെ എനിക്ക് കഴിയുന്ന വിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് എന്റെ ഏറ്റവും വലിയ നേട്ടമായിരിക്കും’ വിനേഷ് പറഞ്ഞു.

അയോഗ്യതയ്ക്കെതിരേ നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായികക്കോടതി തള്ളിയതിനു പിന്നാലെയാണ് വിനേഷ് ഇന്ത്യയിലേക്ക് മടങ്ങിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks