ന്യൂഡൽഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ഒന്നിലേറെ വിഷയങ്ങളിൽ കേരളത്തിന് പ്രശംസ. സുസ്ഥിര വികസനം, മാലിന്യനിർമ്മാർജ്ജനം, ഭൂവിനിയോഗം എന്നിവയിലെ കേരള മാതൃകയാണ് പ്രശംസിക്കപ്പെട്ടത്.
Follow the FOURTH PILLAR LIVE channel on WhatsApp
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കേരളം അതിൻ്റെ ശക്തമായ തദ്ദേശസ്വയംഭരണ സംവിധാനം പ്രയോജനപ്പെടുത്തി ചടുലവും സാമുഹികഅടിത്തറയുള്ളതുമായ മാർഗ്ഗമാണ് പ്രാവർത്തികമാക്കുന്നതെന്ന് സാമ്പത്തിക സർവേ പറയുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻ്റെയും പാരിസ്ഥിതിക പ്രതിരോധത്തിൻ്റെയും പ്രസക്തിയെക്കുറിച്ച് പ്രാദേശിക ഭരണകർത്താക്കളെ ബോധവൽക്കരിക്കുന്നതിന് സംസ്ഥാന -ദേശീയ നേതാക്കൾ തന്നെ മുൻകൈയെടുക്കുന്നുണ്ട്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ (കില) സാങ്കേതിക പിന്തുണയോടെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാദേശിക ആസൂത്രണത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളിക്കുന്നതിന് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രക്രിയകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളിലും വിവരശേഖരണത്തിലും അവർ പങ്കാളികളെ പരിശീലിപ്പിക്കുന്നു.
പഞ്ചായത്തുകളെ നിരീക്ഷിക്കാൻ സംസ്ഥാനത്തിന് ഒരു തത്സമയ സുസ്ഥിര വികസന ഡാഷ്‌ബോർഡ് ഉണ്ടെന്നും സാമ്പത്തിക സർവേ പറയുന്നു. തീരുമാനങ്ങൾ എടുക്കുന്നതിനും വികസന സൂചകങ്ങളിൽ ഉൾക്കാഴ്ചകൾ നൽകുന്നതിനും ഇത്തരത്തിൽ പ്രാദേശികവൽക്കരിച്ച വിവരങ്ങൾ ഉപയോഗിക്കുന്നതും കേരളത്തിൻ്റെ സവിശേഷതയായി സർവേ എടുത്തുപറയുന്നു.
ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് കേരളത്തിലെ മാലിന്യസംസ്കരണ മാതൃകയെക്കുറിച്ച് പരാമർശമുള്ളത്. ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ അനുഭവമാണ് പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളതെങ്കിലും കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുള്ള പദ്ധതിയാണിത്.
മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരട്ടയാർ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷിക്കുകയും സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് സർവേ വിലയിരുത്തുന്നു. മാലിന്യം തരംതിരിച്ച് വീടുതോറും ശേഖരിച്ച് സംസ്കരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന പ്രവൃത്തിയിൽ 4600ലധികം വീടുകളും 500 സ്ഥാപനങ്ങളും പങ്കാളികളാണ്. 30 സ്ത്രീകൾ ഈ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്ത് പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നു.
ഫീസ് പിരിവ്, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ആദ്യ ഘട്ടത്തിലുണ്ടായെങ്കിലും പഞ്ചായത്തിൻ്റെ കഠിനപരിശ്രമം വിജയം കൈവരിച്ചു. അർപ്പണബോധമുള്ള 28 അംഗങ്ങളുള്ള ഹരിത കർമ്മ സേന ഈ ശ്രമത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഏകദേശം 85 ശതമാനം വീടുകളിൽ നിന്നും 90 ശതമാനം സ്ഥാപനങ്ങളിൽ നിന്നും ഉപയോക്തൃ ഫീസ് ശേഖരിക്കുകയും പ്രതിമാസം ഏകദേശം 2.5 ലക്ഷം രൂപ നേടുകയും ചെയ്യുന്നുണ്ട്.
ശേഖരിക്കുന്ന സാമഗ്രികൾ സൂക്ഷ്മമായി വേർതിരിച്ച് കൂടുതൽ സംസ്കരണത്തിനായി സ്വകാര്യ ഏജൻസികൾക്ക് അയയ്ക്കുന്നു. നിശ്ചിത സമയക്രമം പാലിച്ച് മാസംതോറും 4 ടൺ പ്ലാസ്റ്റിക്കും മറ്റ് അജൈവ വസ്തുക്കളും പഞ്ചായത്ത് ശേഖരിക്കുന്നുണ്ട്.
ഈ സംരംഭം ശുചിത്വം കൈവരുത്തുക മാത്രമല്ല, സ്ത്രീകളെ ശാക്തീകരിക്കുകയും ഉൾക്കൊള്ളലും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് സാമ്പത്തിക സർവേ വിലയിരുത്തുന്നു. ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ സമീപനം, സഹകരണം, നവീകരണം, ശാക്തീകരണം എന്നിവ ഹരിതവും കൂടുതൽ തുല്യവുമായ ഭാവിക്കായി പരിശ്രമിക്കുന്ന മറ്റ് സമൂഹങ്ങൾക്ക് മാതൃകയാണെന്നും സർവേ പറയുന്നു.
സ്വയംസഹായ സംഘങ്ങൾ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് സാമ്പത്തിക സർവേയിൽ പ്രശംസിക്കപ്പെട്ട മറ്റൊരു വിഷയം. ഇതിന് കീഴിൽ സ്ത്രീകളോ പുരുഷൻമാരോ ആയ സ്വയം സഹായ സംഘങ്ങൾ ഹോർട്ടികൾച്ചർ കൃഷിക്കായി 3 വർഷത്തിൽ കുറയാത്ത കാലാവധിയിൽ ഭൂമി പാട്ടത്തിനെടുക്കുന്നു. ഈ കരാർ 1872ലെ ഇന്ത്യൻ കരാർ നിയമത്തിന് കീഴിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിൽ പാട്ടക്കാരൻ കൃഷി ഭൂവുടമയ്ക്ക് ഒരു സേവനമായി വാഗ്ദാനം ചെയ്യുകയും ലാഭം പങ്കിടുകയും അല്ലെങ്കിൽ നിശ്ചിത നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് ഇടപാടിൻ്റെ കക്ഷിയാകുകയും കരാർ നോട്ടറൈസ് ചെയ്യുകയുമാണ്. ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് യോഗ്യരാകാൻ ഇത് പാട്ടക്കാരായ സംഘത്തെ സഹായിക്കുന്നു. കരാർ 3 മുതൽ 5 വർഷം വരെ നീണ്ടുനിൽക്കുന്നതിനാൽ ഇത് ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ഭൂമിയുടെ ഗുണനിലവാരം നിലനിർത്താനും പരിപോഷിപ്പിക്കാനും ഇത് പാട്ടക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. 85 ശതമാനത്തിലധികം അംഗങ്ങളും താഴ്ന്ന വരുമാനമുള്ള വിഭാഗത്തിന് കീഴിലുള്ളവരായതിനാൽ ഈ സംരംഭം പാവപ്പെട്ടവർക്ക് ഭൂമി ലഭ്യത മെച്ചപ്പെടുത്തിയെന്നും സർവേ പറയുന്നു.
സുസ്ഥിര കൃഷിരീതികളിൽ ദേശീയ ശരാശരിയെക്കാൾ മുകളിൽ നില്ക്കുന്ന സംസ്ഥാനമെന്ന നിലയിലും കേരളത്തിൻ്റെ കാര്യം സാമ്പത്തിക സർവേ എടുത്തുപറയുന്നുണ്ട്.