തിരുവനന്തപുരം: പത്രപ്രവർത്തക ജോലിയും അച്ഛന്റെ ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി ഐ.എഫ്.എഫ്.കെ. ജൂറി ചെയർപേഴ്‌സണും വിഖ്യാത ചലച്ചിത്രകാരിയുമായ ആഗ്‌നസ് ഗൊദാർദ്. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ പരിപാടിയിൽ നിരൂപക നന്ദിനി രാംനാഥുമായി സംവദിക്കുകയായിരുന്നു ആഗ്‌നസ്.
Follow the FOURTH PILLAR LIVE channel on WhatsApp
വിഖ്യാത ചലച്ചിത്രകാരി ക്ലയർ ഡെന്നീസുമായി ദീർഘകാലം നീണ്ട ചലച്ചിത്ര സഹകരണം മികച്ച അനുഭവമായിരുന്നു. ഈ സഹകരണത്തിലൂടെ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയ നിരവധി ചിത്രങ്ങളുണ്ടായി. ബോ ട്രവായ് സിനിമാജീവിതത്തിലെ നാഴികകല്ലാണ്. ദൃശ്യങ്ങളുപയോഗിച്ച് കഥ പറയാനുള്ള താത്പര്യമാണ് തന്നെ സിനിമാലോകത്തെത്തിച്ചത്. അതുകൊണ്ടുതന്നെ സിനിമയിലെ ഛായാഗ്രഹണ ജോലി അർപ്പണ ബോധത്തോടെ ചെയ്യാൻ കഴിയുന്നു.
ഫിലിം മാർക്കറ്റ് എന്ന ആശയം മികച്ചതാണ്. പ്രേക്ഷകശ്രദ്ധ കൊണ്ടും ചിത്രങ്ങളുടെ നിലവാരം കൊണ്ടും മികച്ചു നിൽക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രങ്ങളെ ആഗോള സിനിമാവിപണിയുമായും മേളകളുമായും സഹകരിക്കാൻ ഇതു സഹായിക്കുന്നുണ്ട്. പുതിയ സാധ്യതകളും സാങ്കേതിക വിദ്യകളും സർഗാത്മകതയുടെ അതിരുകൾ ഭേദിക്കാൻ യുവതയെ സഹായിക്കുന്നുണ്ട്. ആൾ വി ഇമേജിൻ ആസ് എ ലൈറ്റ് എന്ന സിനിമ സൂക്ഷ്മതയുള്ള കഥ പറച്ചിലിന്റെ മികച്ച ഉദാഹരണമാണെന്നും ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു.