പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ കള്ളപ്പണം കണ്ടെത്താന്‍ പൊലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്.
പൊലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഒരുഘട്ടത്തില്‍ ഹോട്ടലില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്.പാലക്കാട്ടെ കെ.പി.എം. റീജന്‍സി ഹോട്ടലിലായിരുന്നു പരിശോധന.
സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ. ടി.വി.രാജേഷിന്റെ മുറിയിലാണ് പൊലീസ് ആദ്യമെത്തിയത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലേക്ക് അവര്‍ നീങ്ങി. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പരിശോധന നടത്തി. എന്നാല്‍, വനിതാപൊലീസ് ഇല്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്ന് ഷാനിമോള്‍ നിലപാടെടുത്തു. അതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമെത്തി പ്രതിഷേധിച്ചു. പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി.
തന്റെ മുറിയില്‍ പരിശോധന പൂര്‍ത്തിയാക്കി പൊലീസുകാര്‍ ഇറങ്ങിയപ്പോള്‍ പരിസരത്ത് ആരുമുണ്ടായിരുന്നില്ലെന്ന് ടി.വി.രാജേഷ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ പിന്നീട് മറ്റ് മുറികളില്‍ പരിശോധന നടത്തിയപ്പോള്‍ പൊലീസിനെ തടയുകയും നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയുമൊക്കെ വിളിച്ചു വരുത്തുകയും നാടകം കളിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് തന്റെ തോന്നലെന്നും രാജേഷ് പറഞ്ഞു. ഷാനിമോളുടെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് എഴുതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് അവര്‍ ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു.
സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സി.പി.എമ്മിന്റെ തിരക്കഥയാണിതെന്നും എല്ലാ മുറികളിലും പണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കണ്ടെത്തിയോയെന്ന കാര്യം പോലീസ് എഴുതിനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രി പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. കാറില്‍ പണമെത്തിച്ചെന്നാണ് ആരോപണം. എന്നാല്‍, ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നതെന്നും തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക പരിശോധനയാണ് നടത്തിയതെന്നും എ.എസ്.പി. അശ്വതി ജിജി പറഞ്ഞു.
‘ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും കഴിഞ്ഞയാഴ്ചകളിലായി പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. പണമിടപാട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലല്ല പൊലീസ് റെയ്ഡ് നടത്തിയത്. ഇത് റുട്ടീന്‍ റെയ്ഡ് മാത്രമാണ്. സേര്‍ച്ച് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതനുസരിച്ച് നടപടി സ്വീകരിക്കാം. 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്’ -എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
പണം കൊണ്ടുവന്നശേഷം, ജ്യോതികുമാര്‍ ചാമക്കാലയും ഷാഫി പറമ്പിലും വി.കെ.ശ്രീകണ്ഠനും ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ടെന്ന് സി.പി.എമ്മും ബി.ജെ.പി.യും ആരോപിച്ചു. പണം ട്രോളിബാഗിലാക്കിയാണ് കൊണ്ടുവന്നതെന്നും സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പരിശോധിക്കണമെന്നും എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.