29 C
Trivandrum
Wednesday, February 5, 2025

തരിഗാമിക്ക് അഞ്ചാം ജയം; തോല്പിച്ചത് ജമാ അത്തെ ഇസ്ലാമിയെ

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് തുടർച്ചയായ അഞ്ചാം ജയം. കുൽഗാം മണ്ഡലത്തിൽ നിന്നാണ് പാർട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ അദ്ദേഹം വിജയിച്ചത്.

Follow the FOURTH PILLAR LIVE channel on WhatsApp 

ജമാഅത്തെ ഇസ്ലാമി നേതാവ് സയർ അഹമ്മദ് റെഷിയെയാണ് 7,751 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തരിഗാമി തോല്പിച്ചത്. സംഘടനയെ നിരോധിച്ചതോടെ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ഇദ്ദേഹത്തിന് ബി.ജെ.പി. രഹസ്യ പിന്തുണ നൽകുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തു വില കൊടുത്തും സി.പി.എം. നേതാവിനെ തോല്പിക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.

തരിഗാമി 33,390 വോട്ടുകൾ നേടിയപ്പോൾ റെഷിക്ക് 25,639 വോട്ടുകൾ ലഭിച്ചു. തുടക്കം മുതൽ വ്യക്തമായ ലീഡോടെയാണ് തരിഗാമി വിജയിച്ച് കയറിയത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നാഷണൽ കോൺഫ്രൻസിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടു കൂടിയാണ് വിജയം.

കശ്മീരിലെ കർഷക, തൊഴിലാളി സമരങ്ങളുടെ നേതൃസ്ഥാനത്ത് 73കാരനായ തരിഗാമിയാണ്. ഇതിന്റെ ഭാഗമായി പലപ്പോഴും ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. 1996ലാണ് കുൽഗാമിൽനിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു.

കർഷക- തൊഴിലാളി സമരങ്ങളിലൂടെ വളർന്നുവന്ന തരിഗാമിയുടെ വ്യക്തിത്വമാണ് ജമാ അത്തെ ഇസ്ലാമിക്ക് വലിയ സ്വാധീനമുള്ള കുൽഗാമിനെ സി.പി.എം. കോട്ടയാക്കി മാറ്റിയത്. താഴ്വരയിലെ സാധാരണ കർഷക ജനതയുമായുള്ള ആത്മബന്ധവും ആരോപണങ്ങളൊന്നും തൊട്ടുതീണ്ടിയില്ലാത്ത പൊതുപ്രവർത്തന രീതിയും അദ്ദേഹത്തെ ജനകീയനാക്കി മാറ്റി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019-ൽ തരിഗാമിയെ മാസങ്ങളോളം വീട്ടുതടങ്കലിലാക്കിയിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ വീട്ടിലെത്തി കണ്ടത് വലിയ വാർത്തയായിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള തരിഗാമി കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളിലൊരാളാണ് വിലയിരുത്തപ്പെടുന്നത്.

വിഘടനവാദ പ്രസ്ഥാനങ്ങൾക്കെതിരെ എല്ലാ കാലത്തും ശക്തമായ നിലപാടെടുത്തിട്ടുള്ള തരിഗാമിയുടെ ജീവനു പലപ്പോഴും ഭീഷണി നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ അനുവദിച്ച ഗൺമാനൊപ്പമാണ് സഞ്ചാരം.

Recent Articles

Related Articles

Special

Enable Notifications OK No thanks