ചോദ്യങ്ങള്‍ ഒട്ടേറെയുണ്ട്.
- ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്തു നിന്ന് എം.ആര്‍.അജിത് കുമാറിനെ മാറ്റാന്‍ എന്തായിരുന്നു തടസ്സം?
- പലരും പറയുന്ന പോലെ നിസ്സാരമായി വരുത്താവുന്ന ഒരു മാറ്റമായിരുന്നോ ഇത്?
- എ.ഡി.ജി.പിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശഠിച്ചത് എന്തിനാണ്?
- ഈ മാറ്റം ഉടന്‍ നടപ്പാക്കുന്നതിന് തടസ്സമായി നിയമപരമായ ബാദ്ധ്യത വല്ലതും ഉണ്ടായിരുന്നോ?
- അതോ അജിത് എന്ന ഇഷ്ടക്കാരനെ മാറ്റാന്‍ പിണറായിക്കുള്ള മടിയാണോ കാരണം?
ഉത്തരം കണ്ടെത്തിയേ പറ്റൂ. കാരണം ആ ഉത്തരത്തിന് കേരളത്തിലുള്ള രാഷ്ട്രീയപ്രാധാന്യം വളരെ വലുതാണ്.
പഴയ പൊലീസ് മേധാവി ഡോ.ടി.പി.സെൻകുമാറിന് ഈ വിഷയത്തിൽ പരോക്ഷമായി ഒരു റോളുണ്ട്. ഇതുവരെ ആരും കാണാത്ത, ആരും പറയാത്ത റോൾ. സെൻകുമാർ ഇപ്പോഴും പിണറായി സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്, നേരിട്ടല്ല അതു ചെയ്യുന്നതെന്നു മാത്രം. അദ്ദേഹം വർഷങ്ങൾക്കു മുമ്പ് സുപ്രീം കോടതിയിൽ പോയി സമ്പാദിച്ച വിധിയുടെ രൂപത്തിലാണ് സർക്കാരിന് കുരുക്ക് ഇപ്പോഴുമുള്ളത്. ആ വിധിയിലെ ചില പരാമർശങ്ങൾ തന്നെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്ത് അജിത്തിനെ കുറച്ചുദിവസമെങ്കിലും താങ്ങിനിർത്തിയത്.
തന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സെൻകുമാർ നല്കിയ കേസിൽ സുപ്രീം കോടതി വിധി വരുന്നത് 2017 ഏപ്രിൽ 24നാണ്. ജസ്റ്റീസ് മദൻ ബി.ലോകുർ എഴുതിയ വിധിന്യായത്തിന് 56 പേജുകളുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ തസ്തിക സംബന്ധിച്ചാണ് വിധിയെങ്കിലും അതിൽ രണ്ടു ഭാഗത്തുള്ള പരാമർശങ്ങൾ സർക്കാരിന് അഴിയാക്കുരുക്കാണ്. പൊലീസ് ഉദ്യോഗസ്ഥൻ എന്നു മാത്രം പരാമർശിച്ച് കോടതി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
വിധിപ്പകര്‍പ്പിന്റെ 43-44 പേജുകളിലായി വരുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നു:
…considered in the background of the security of tenure, each of the various clauses in Section 97(2) of the Act clearly and unmistakably point to action being permitted against a police officer only on the basis of verifiable material, such as disciplinary action, involvement in a corrupt practice or a criminal offence, physical or mental incapacity, assessment on the basis of evaluation of the work of an officer by a superior etc. and not on the subjective whims and fancies of those in a position of power.
…കാലാവധിയുടെ സംരക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കുമ്പോള്‍, ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ, പരിശോധിക്കാവുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കാന്‍ അനുവാദമുള്ളൂ എന്ന് നിയമത്തിലെ വകുപ്പ് 97(2)ലെ വിവിധ ചട്ടങ്ങളില്‍ ഓരോന്നും വ്യക്തമായും അനിഷേധ്യമായും ചൂണ്ടിക്കാണിക്കുന്നു. അച്ചടക്ക നടപടി, അഴിമതി അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റം, ശാരീരികമോ മാനസികമോ ആയ അപര്യാപ്തത, പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന ഒരു മേലുദ്യോഗസ്ഥന്റെ വിലയിരുത്തല്‍ മുതലായവയുടെ അടിസ്ഥാനത്തിലാവണം നടപടി, അല്ലാതെ അധികാരസ്ഥാനത്തിരിക്കുന്നവരുടെ ആത്മനിഷ്ഠമായ ഇച്ഛകളും ഭാവനകളും അടിസ്ഥാനമാക്കിയാവരുത്.
പേജ് 46ല്‍ ഇങ്ങനെയും എഴുതിയിട്ടുണ്ട്:
We are therefore clearly of opinion that the removal or displacement of any senior level officer from a tenure appointment must be for compelling reasons and must be justified by the concerned authority, if called upon to do so, on material that can be objectively tested. This is what the rule of law expects and this is what Section 97 of the Act expects – the law must be faithfully implemented in a purposive manner.
അതിനാല്‍, ഉയര്‍ന്ന തലത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ കാലാവധി ബാക്കിയുള്ള തസ്തികയില്‍ നിന്ന് നീക്കുകയോ സ്ഥലംമാറ്റുകയോ ചെയ്യുന്നത് നിര്‍ബന്ധിത കാരണങ്ങളാല്‍ ആയിരിക്കണമെന്നും അത് വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ കഴിയുന്ന രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അങ്ങനൊരു രേഖ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തി വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ സാധിക്കണം. നിയമവാഴ്ചയില്‍ ഇതാണ് പ്രതീക്ഷിക്കുന്നത്, നിയമത്തിന്റെ 97-ാം വകുപ്പ് പ്രതീക്ഷിക്കുന്നതും ഇതാണ് -നിയമം വിശ്വസ്തതയോടെ ലക്ഷ്യബോധത്തോടെ നടപ്പാക്കണം.
സുപ്രീം കോടതിയുടെ വിധിയില്‍ പറഞ്ഞിരിക്കുന്ന ഇക്കാര്യങ്ങള്‍ തങ്ങള്‍ക്കു ബാധകമാണെന്ന്, ഉയര്‍ന്ന തലത്തിലാണ് എന്നു സ്വയം വിശ്വസിക്കുന്ന ഏതു പൊലീസുദ്യോഗസ്ഥനും വാദിക്കാമെന്ന സാദ്ധ്യത നിലനില്‍ക്കുന്നു. എ.ഡി.ജി.പിയെ സംബന്ധിച്ച് ‘റിപ്പോര്‍ട്ട് വരട്ടെ, റിപ്പോര്‍ട്ട് വരട്ടെ’ എന്ന് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത് വെറുതെയല്ല എന്നു സാരം. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ആത്മനിഷ്ഠമായ ഇച്ഛകളും ഭാവനകളും അടിസ്ഥാനമാക്കിയാവരുത് പൊലീസ് ഉദ്യോഗസ്ഥരുടെ മാറ്റം എന്ന് സുപ്രീം കോടതി പറഞ്ഞുവെച്ചത് മറ്റെല്ലാവരും മറന്നുവെങ്കിലും സെന്‍കുമാറിന്റെ കേസില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പിണറായി മറന്നില്ല. അതുകൊണ്ടു തന്നെയാണ് വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ കഴിയുന്ന രേഖ -സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് -എഴുതി വാങ്ങി അദ്ദേഹം തന്റെ അലമാരയില്‍ ഭദ്രമായി വെച്ചത്.
2011ലെ പൊലീസ് നിയമം അനുസരിച്ച് സംസ്ഥാന പൊലീസ് മേധാവി, റേഞ്ച് ഐ.ജിമാർ, സിറ്റി പൊലീസ് കമ്മീഷണർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർക്ക് രണ്ടു വർഷത്തെ കാലാവധി നല്കണം എന്നാണ്. എന്നാൽ, ഈ നിയമം വന്ന ശേഷം പൊലീസിന്റെ ഘടന മാറി. ഇപ്പോൾ സംസ്ഥാനത്ത് രണ്ടു സോണുകളും അവയ്ക്കു കീഴിൽ നാലു റേഞ്ചുകളുമാണുള്ളത്. ഐ.ജിമാരാണ് സോണിന്റെ തലവൻമാർ. ഓരോ റേഞ്ചും ഓരോ ഡി.ഐ.ജി. നയിക്കുന്നു. അതായത് നിയമത്തിൽ സംരക്ഷണമുള്ളതായി പറയുന്ന റേഞ്ച് ഐ.ജി. ഇപ്പോഴില്ല.
സെൻകുമാറിന്റെ കേസ് വരുമ്പോൾ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാണ് കേരള പൊലീസിന്റെ മേധാവിയാകുക. എന്നാൽ, ഇന്ന് ക്രമസമാധാനം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് -ലോ ആൻഡ് ഓർഡറിന്റെ നിയന്ത്രണത്തിലാണ്. ആ തസ്തികയിലാണ് എം.ആർ.അജിത് കുമാർ ഇരുന്നത്. പൊലീസ് സേനയുടെ ആകെ മേൽനോട്ടമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ചുമതലയിലുള്ളത്.
ഒരു കേസ് വന്നാൽ പൊലീസിന്റെ ഘടനയിലെ ഈ മാറ്റങ്ങളെല്ലാം പരിഗണനാവിഷയമാകില്ലേ? അപ്പോൾ പ്രശ്‌നമാകാൻ ഇടയില്ലേ? പിണറായി ഒഴിവാക്കാൻ ശ്രമിച്ചത് ഈ കുരുക്കാണ്.
പി.വി.അന്‍വര്‍ ആരോപണമുന്നയിച്ച ഉടനെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്തു നിന്നു മാറ്റിയെങ്കില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? അജിത് കുമാറിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാം. ഒരു പക്ഷേ നേരിട്ട് കോടതിയില്‍ പോയില്ലെങ്കിലും അദ്ദേഹത്തിന്റെ ഏതെങ്കിലും പരിവാര്‍ ബന്ധു കോടതിയില്‍ പോകുമെന്നതുറപ്പല്ലേ? ചിലപ്പോള്‍ അജിത്തിനെ തല്‍സ്ഥാനത്ത് പുനര്‍നിയമിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ അജിത്തിനെ തല്ക്കാലത്തേക്കെങ്കിലും ആ തസ്തികയില്‍ നിന്ന് മാറ്റാനേ സര്‍ക്കാരിനു പറ്റില്ല. സുപ്രീം കോടതി വിധി വ്യാഖ്യാനിക്കുന്നതൊക്കെ വാദിക്കുന്ന വക്കീലിന്റെ മിടുക്കാണല്ലോ.
ഇത്തരം പഴുതുകള്‍ ഇല്ലാതാക്കുക എന്നതാണ് ഇപ്പോഴത്തെ കാത്തിരിപ്പ് തന്ത്രത്തിലൂടെ പിണറായി വിജയന്‍ നടപ്പാക്കിയിരിക്കുന്നത്. അജിത്തിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ സംസ്ഥാന പൊലീസ് മേധാവി തന്നെ നല്കിയതോടെ മുഖ്യമന്ത്രിയുടെ നില ഭദ്രമായി. മേലുദ്യോഗസ്ഥന്റെ വിലയിരുത്തല്‍ സ്വീകാര്യമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ!
ചൂടുവെള്ളത്തില്‍ വീണ പൂച്ച തണുത്ത പാലു കണ്ടാലും പേടിക്കും എന്നാണ് പ്രമാണം. സെന്‍കുമാറിന്റെ കാര്യത്തിലുണ്ടായ തിരിച്ചടി ആവര്‍ത്തിക്കരുത് എന്ന വാശി പിണറായിക്കുണ്ടായിരുന്നിരിക്കണം. സംഘപരിവാറിനോട് ഒരിക്കല്‍ കൂടി തോല്‍ക്കരുത് എന്ന ചിന്തയും മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ നയിച്ചിട്ടുണ്ടാവാം.
ടി.പി.സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധിപ്പകര്‍പ്പ് പൂര്‍ണ്ണരൂപം